സഹകരണ മേഖല സുരക്ഷിതമാകണം

കേരളത്തിലെ സഹകരണമേഖലക്ക് ആശങ്ക പരത്തുന്ന ഇടപെടലുകളാണ് കേന്ദ്ര സർക്കാർ നടത്തുന്നത് എന്ന് വ്യാപകമായ ആക്ഷേപം നിലനിൽക്കുകയാണ്. ഗ്രാമീണ ജനത അവരുടെ ജീവിത പുരോഗതിക്കായി രൂപം കൊടുത്ത ഐക്യ നാണയ സംഘങ്ങളായാണ് സഹകരണ രംഗം കേരളത്തിൽ പിറവിയെടുത്തത്. ശതാബ്ദങ്ങളുടെ ചരിത്ര പിന്തുണയുള്ള മഹത്തായ സഹകരണ സ്ഥാപനങ്ങൾ തലയുയർത്തി നിൽക്കുന്ന നാടാണ് കേരളം. കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊണ്ട് സഹകരണ മേഖല ഇന്ന് കുതിപ്പിലാണ്. ന്യൂജനറേഷൻ/നാഷണലൈസ്ഡ് ബാങ്കുകളോട് കിടപിടിക്കാനും ടെക്‌നോളജിയും, അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിൽ സഹകരണ സ്ഥാപനങ്ങൾ ഒരുപടി മുന്നിലാണ്. സഹകരണ സ്ഥാപനങ്ങളെ നിയന്ത്രിക്കാനും പരിശോധിക്കാനും ശക്തമായ സഹകരണ വകുപ്പും നമുക്കുണ്ട്.
നോട്ട് നിരോധന കാലം മുതലാണ് സഹകരണ സ്ഥാപനങ്ങൾക്കെതിരെ വാളോങ്ങാൻ ചിലർ തയ്യാറാകുന്നത്. സഹകരണ സ്ഥാപനങ്ങളിൽ കള്ളപ്പണമുണ്ടെന്നും മറ്റും ഉന്നയിച്ച് സ്ഥാപനങ്ങളിൽ പരിശോധന നടത്താനും ശ്രമങ്ങളുണ്ടായി. ആദായ നികുതി വകുപ്പിനെയാണ് കേന്ദ്ര സർക്കാർ ഇതിനായി ഉപയോഗിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന സർക്കാർ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ ആദായ നികുതി വകുപ്പിനെ ഉപയോഗിക്കുന്നുണ്ടെന്നത് വലിയ ആരോപണമായി നിൽക്കുകയാണ്.
കേന്ദ്ര സർക്കാർ സഹകരണ രംഗത്തിന് ഒരു പ്രത്യേക വകുപ്പുണ്ടാക്കുകയും, അതിനൊരു മന്ത്രിയെ നിശ്ചയിക്കുകയും, സഹകരണ സ്ഥാപനങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്.റിസർവ്വ് ബാങ്കിന്റെ മുന്നറിയിപ്പാണ് സഹകരണ മേഖലക്കെതിരെ ഇപ്പോൾ ഉയർന്നിട്ടുള്ള മറ്റൊരു കാര്യം.
കേരളത്തിലെ സഹകരണ മേഖല വെറും ബാങ്കിംഗ് ഇടപാടുകൾ മാത്രമല്ല നടത്തുന്നതെന്നും, ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ രംഗത്തും സഹകരണ സ്ഥാപനങ്ങൾ സജീവമാണെന്നും റിസർവ്വ്ബാങ്ക് മറന്നുപോകുകയാണ്. സംസ്ഥാന സഹകരണ രജിസ്ട്രാറുടെ അനുമതിക്ക് വിധേയമാണ് സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനമെന്നർത്ഥം. സഹകരണം സംസ്ഥാന വിഷയമാണെന്ന സുപ്രീം കോടതി വിധിയും ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങൾ ഓർക്കണം. 1700 ഓളം പ്രാഥമിക സഹകരണ ബാങ്കുകൾ, സൂപ്പർ മാർക്കറ്റുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ, കാർഷിക ഉൽപ്പന്ന വിതരണ സ്റ്റോറുകൾ എല്ലാം നടത്തുന്നുണ്ട്. 15,000ഓളം സഹകരണ സ്ഥാപനങ്ങൾ സജീവമായി പ്രവർത്തിക്കുന്ന ശക്തമായ സഹകരണ സ്ഥാപനങ്ങളുള്ള നാടാണ് കേരളം. ഈയൊരു സവിശേഷത മറ്റൊരു സംസ്ഥാനത്തിനും ഇല്ല.
കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് കേരളത്തിലെ സഹകരണ മേഖലയിൽ പറയത്തക്ക ഇടപെടൽ നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഓരോ സഹകരണ സ്ഥാപനങ്ങളും രൂപീകരിക്കാനും, തുടർന്ന് അത് കെട്ടിപ്പടുക്കാനും, ജനങ്ങൾക്കുപകാരപ്രദമായ സ്ഥാപനമാക്കിമാറ്റാനും സഹകാരികൾ നൽകിയ അധ്വാനം കേന്ദ്ര സർക്കാർ കണ്ണ് തുറന്നു കാണണം. കേന്ദ്ര സർക്കാരും, ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റും, റിസർവ്വ് ബാങ്കുമെല്ലാം കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുന്നതും, പ്രതിസന്ധിയിലാക്കുന്നതുമായ പ്രവർത്തനങ്ങളിൽ നിന്ന് പിൻവാങ്ങുക തന്നെ വേണം. സഹകരണ രംഗത്ത് വല്ല കുറ്റകരമായ പ്രവണതയുമുണ്ടെങ്കിൽ ശരിയായ മാർഗത്തിലൂടെ അതിനെ തിരുത്തി ശക്തിപ്പെടുത്തിയെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കേണ്ടത്. നിസ്വാർത്ഥരായി സഹകരണ സ്ഥാപനങ്ങളെ നയിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാൽ ഇവർക്കുള്ള ഓണറേറിയം കേട്ടാൽ നമുക്ക് നാണം തോന്നും. ആയിരം കോടിയിലധികം നിക്ഷേപമുള്ള ഡസൻകണക്കിന് ബ്രാഞ്ചുകളുള്ള സഹകരണ സ്ഥാപനങ്ങൾ സംശുദ്ധമായി ഭരിക്കുന്ന സംഘം പ്രസിഡന്റുമാർക്ക് കേവലം പതിനായിരം രൂപയാണ് ഓണറേറിയം ലഭിക്കുന്നതെന്നറിയുമ്പോൾ, ത്യാഗനിർഭരമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സേവനം അധികാര കേന്ദ്രങ്ങൾ കണ്ണ് തുറന്ന് കാണുക തന്നെ വേണം.
നാഷണലൈസ്ഡ് – ന്യൂജനറേഷൻ ബാങ്കുകളിൽ സാധാരണക്കാരന് ബാങ്കിംഗ് സേവനം വിദൂരമാകുമ്പോൾ, ഗ്രാമ പട്ടണങ്ങളിലെ പേരു ചൊല്ലിക്കുന്ന സംഘം പ്രസിഡണ്ട്/ഡയറക്ടർ ജീവനക്കാരുടെ സേവനം വളരെ വലുതാണ്. വിവാഹം, പഠനം, സ്വയം തൊഴിൽ എന്നീ മേഖലകളിലെല്ലാം സാധാരണക്കാരന് ആശ്രയിക്കാവുന്ന ഒന്നാണ് നമ്മുടെ സഹകരണ സ്ഥാപനങ്ങൾ എന്നത് സത്യമാണ്. ജനങ്ങൾ നൽകുന്ന വിശ്വാസം തന്നെയാണ് സഹകരണ മേഖലയുടെ കരുത്ത്. ഇത് റിസർവ്വ് ബാങ്ക് ശരിക്കും വിലയിരുത്തേണ്ടതാണ്. സഹകരണ മേഖലയെ തകർക്കാൻ ഏത് കോണിൽ നിന്ന് ഇടപെടലുണ്ടായാലും ജനങ്ങൾ ചെറുത്തു നിൽക്കുക തന്നെ ചെയ്യും.

 

Share

Leave a Reply

Your email address will not be published. Required fields are marked *