കോഴിക്കോട്: രാഷ്ട്രീയം പഠിക്കുന്നവർക്ക് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജീവിതം വിസ്മയമാണെന്ന് യു.കെ.കുമാരൻ പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവിനും സാംസ്‌കാരിക കേരളം അദ്ദേഹത്തോളം പ്രാധാന്യം കൊടുത്തിട്ടില്ലെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഇടശ്ശേരിയും, വള്ളത്തോളും അദ്ദേഹത്തെക്കുറിച്ച് കവിതകൾ എഴുതി. മതേതര കേരളത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. എല്ലാവരോടുമുള്ള കരുതൽ അദ്ദേഹം പുലർത്തി. ആർക്കു മുമ്പിലും മുട്ടുമടക്കിയില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകളിലെ വൈരുദ്ധ്യമായിരുന്നു അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നകറ്റിയത്. ഒരു കറകളഞ്ഞ ഇസ്ലാംമത വിശ്വാസിയായിരുന്ന അദ്ദേഹത്തെ എതിർത്തത് മുസ്ലിം സമുദായത്തിലെ ചില ശക്തികളായിരുന്നു. 75 വർഷം മുൻപ് വിടവാങ്ങിയ അദ്ദേഹത്തെ ഇപ്പോഴും സ്മരിക്കുന്നത് ആ ജീവിത വിശുദ്ധിതന്നെയാണ്. അദ്ദേഹം അകാലത്തിൽ മരിക്കുമ്പോൾ മൃതദേഹം ഒരു നോക്കുകാണാൻ പത്ത് ലക്ഷത്തോളം ആളുകളെത്തി എന്നാണ് അക്കാലത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതുപോലൊരു വിടവാങ്ങൽ ഒരു നേതാവിനും ലഭിച്ചിട്ടില്ല. മുഹമ്മദ് അബ്ദുറഹിമാന്റെ ജീവിതം പുതുതലമുറ പഠിക്കണമെന്നദ്ദേഹം പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാൻ അനുസ്മരണ കമ്മിറ്റി ഹോട്ടൽ അളകാപുരിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിപാടി ശ്രേയാംസ്‌കുമാർ എം.പി. ഉദ്ഘാടനം ചെയ്തു. എൻ.പി.ഹാഫിസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ.എ.അസീസ് സ്വാഗതവും, പി.എം.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.