കോഴിക്കോട്: കളരി ഗുരുക്കളും പത്മശ്രീ ജേതാവുമായ മീനാക്ഷിയമ്മ കേന്ദ്ര കഥാപാത്രമായ സിനിമ വരുന്നു. ലുക്ക്ബാക്ക് എന്ന സിനിമയിലാണ് മീനാക്ഷിയമ്മ പ്രധാന വേഷത്തിലെത്തുന്നത്. മാർഷൽ ആർട്‌സ് സിനിമകളിൽ ധാരാളം വന്നിട്ടുണ്ടെങ്കിലും കളരിപ്പയറ്റിനെ ആസ്പദമാക്കിയ ആദ്യ സിനിമയാണിത്. സിനിമയിൽ ആദ്യാവസാനം കളരി തന്നെയാണ്. ഒരു പെൺകുട്ടി കളരി പഠിക്കുമ്പോൾ ഉണ്ടാകുന്ന ഗുണഫലം വാർദ്ധക്യത്തിലും അനുഭവിക്കുന്നതും ദർശിക്കാനാകും. അറിവ് വർദ്ധിക്കുമ്പോഴാണ് ഒരു വ്യക്തി സിദ്ധനാകുന്നത്. ഇതിന്റെ ചിത്രീകരണവും സിനിമയിലുണ്ട്.
സിനിമയുടെ ആദ്യ ചിത്രീകരണം ചിക്ക്മംഗ്ലൂരിൽ നടന്നു. തച്ചോളി ഒതേനന്റെ ആരൂഢമായ കടത്തനാടിന്റെ മണ്ണിൽ തുടർ ചിത്രീകരണം തുടങ്ങി . രണ്ട് മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. മലയാളം ഇംഗ്ലീഷ്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ വരുന്നത്. താൻ സിനിമയിൽ ആദ്യമായിട്ടാണ് അഭിനയിക്കുന്നതെന്നും കാലം മാറുന്നതിനനുസരിച്ച് മാറ്റം വേണമെന്നും, കളരിയുടെ പ്രധാന്യം സിനിമയിലൂടെ പകർന്ന് കിട്ടുമെന്നും പത്മശ്രീ മീനാക്ഷിയമ്മ പറഞ്ഞു. 7ാം വയസ്സിൽ കളരിയിലിറങ്ങിയ തനിക്ക് ഇപ്പോൾ 78 വയസ്സായെന്നും അവർ കൂട്ടിച്ചേർത്തു. മീനാക്ഷിയമ്മയുടെ ശിഷ്യരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അടുത്ത വർഷം ജൂണിൽ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. തൃശൂർ ഗുരുവായൂർ സ്വദേശി രഞ്ജൻ മുള്ളരാട്ട് ആണ് സംവിധായകൻ. വാർത്താ സമ്മേളനത്തിൽ മകൻ സജീവ് ഗുരുക്കൾ, പി.ആർ.ഒ.കെ.വി.രാജൻ, രഞ്ജൻ മുള്ളരാട്ട് പങ്കെടുത്തു.