കോഴിക്കോട്: ചേവായൂരിൽ സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ – സിജി – യുടെ രജത ജൂബിലി ആഘോഷ സമാപന ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു. . പുതിയ കാലഘട്ടത്തിൻറെ ഏറ്റവും നവീനമായ റോബോട്ടിക്‌സ് പോലുള്ള കോഴ്‌സുകൾ പഠിക്കുന്നതിന് ഇതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ പോലും കേരളത്തിലെ സ്ഥാപനങ്ങൾ തെരഞ്ഞെടുക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനം ഉയർന്നുവന്നത് അഭിമാനകരമായ നേട്ടമാണെന്നും സാധ്യതകൾ ഏറിയ കോഴ്‌സുകളും സ്ഥാപനങ്ങളും മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുകയും, അവയിൽ പ്രവേശനം നേടുന്നതിന് ഉചിതമായ മാർഗദർശനം നൽകുകയും ചെയ്യുന്നതിൽ സിജി മഹത്തായ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.
മത്സരാധിഷ്ഠിത ലോകത്ത് തൊഴിലുകൾ നേടിയെടുക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യം ആർജ്ജിക്കുന്നതിന് യുവതലമുറയെ പ്രാപ്തരാക്കുന്നതിലും സിജി വലിയ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും വ്യത്യസ്ത കോഴ്‌സുകളെ കുറിച്ചുള്ള കേരളീയ സമൂഹത്തിൻറെ അജ്ഞത മാറ്റിയെടുക്കുന്നതിൽ സിജി വഹിച്ച പങ്ക് നിസ്തുലമാണെന്നും വീടകങ്ങൾ ക്ലാസ് മുറികൾ ആയി പരിവർത്തിപ്പിക്കുന്നതിൽ കോവിഡ് കാലത്ത് കേരളം മാതൃകാപരമായ മുന്നേറ്റം നടത്തിയതായും മന്ത്രി പറഞ്ഞു.
സിജിയുടെ സ്ഥാപകദിനാഘോഷമായ സിജി-ഡേ ഉൽഘാടനം കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് നിർവഹിച്ചു. പരിസ്ഥിതി മലിനീകരണം, അമിത സ്വർണ്ണാഭരണഭ്രമം, അനാരോഗ്യകരമായ ഭക്ഷണ ശീലം തുടങ്ങിയ തെറ്റായ ജീവിത രീതികൾക്കെതിരായ ബോധവൽക്കരണ പരിപാടികൾക്കും സിജി മുൻകൈയെടുക്കണമെന്ന് മേയർ പറഞ്ഞു. പിന്നോക്കം നിന്ന സമൂഹത്തെ വിദ്യാഭ്യാസ പുരോഗതിയിലൂടെ മുന്നോട്ട് നയിക്കുന്നതിന് സിജി മികച്ച പ്രവർത്തനം നടത്തിയിട്ടുണ്ട്. പഠനത്തിൽ ആൺകുട്ടികൾ പിന്നോക്കം നിൽക്കുന്ന ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള ശ്രമങ്ങൾക്കും സിജി താൽപ്പര്യമെടുക്കണമെന്നും മേയർ നിർദ്ദേശിച്ചു.സിജി ക്യാമ്പസിലെ വനവൽക്കരണ പരിപാടികളുടെ ഉദ്ഘാടനവും വൃക്ഷത്തൈ നട്ടു കൊണ്ട് മേയർ നിർവഹിച്ചു.
ചടങ്ങിൽ സിജി വൈസ് പ്രസിഡണ്ട് ഡോക്ടർ ഇസെഡ്. എ അഷ്‌റഫ് അധ്യക്ഷനായിരുന്നുകാലിക്കറ്റ് സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോക്ടർ എം നാസർ മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ കൗൺസിലർ ഡോക്ടർ പി എൻ അജിത, സിജി ജനറൽ സെക്രട്ടറി ഏ പി നിസാം, ഡൊമിനിക് മാത്യു, ഹേമപാലൻ, ടി സലീം, കബീർ പരപ്പൊയിൽ എന്നിവർ പ്രസംഗിച്ചു.