കേരള ബാങ്കിനെ റിസർവ്വ് ബാങ്ക് റോൾമോഡലാക്കാൻ നിർദ്ദേശിക്കുന്നു മന്ത്രി വി.എൻ.വാസവൻ

കെ.സി.സുവിധ പ്ലസ് പദ്ധതി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ നയം മൂലം ബാങ്കുകളുടെ ലയനം വന്നതോടുകൂടി പല ബാങ്കുകളുടെയും ശാഖകൾ പൂട്ടി പോവുകയും ഇതുമൂലം ജനങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ പരിമിതപ്പെടുകയും ചെയ്തതായും, കേരളത്തിൽ എസ്ബിടിയുടെ 117 ശാഖകളും 12 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളും അടച്ചപ്പോൾ, ഈ പോരായ്മ നികത്താൻ കേരള ബാങ്കിന് സാധിച്ചെന്നും സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 769 ശാഖകൾ കേരള ബാങ്കിനുണ്ട്. റിസർവ്വ് ബാങ്കിന്റെ അംഗീകാരമുണ്ട്. കേരള ബാങ്കിന്റെ പ്രവർത്തനം മാതൃകയാക്കാമെന്ന് റിസർവ്വ് ബാങ്ക് സർക്കുലർ പുറപ്പെടുവിച്ചതായും അദ്ദേഹം പറഞ്ഞു. നാടിന്റെ പ്രത്യുൽപാദന മേഖലകളിൽ നിക്ഷേപം നടത്താതെ നാഷണലൈസ്ഡ് ബാങ്കുകൾ വൻകിടക്കാർക്ക് ലോണുകൾ നൽകി, പിന്നീട് എൻബിഎ എന്ന ഓമനപ്പേരിട്ട് എഴുതി തള്ളുമ്പോൾ, പ്രളയം,കോവിഡ്, കാലത്ത് സഹകരണ സ്ഥാപനങ്ങളാണ് ജനങ്ങളുടെ കൂടെ നിന്നത്. മുഖ്യ മന്ത്രിക്ക് ബസ് ഉടമകൾ, ചെറുകിട കച്ചവടക്കാർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രയാസം നേരിടുന്നവർ നൽകിയ നിവേദനം പരിഗണിച്ചാണ് കെ.വി.സുവിധ പ്ലസ് ആവിഷ്‌കരിച്ചത്. പരമാവധി 5ലക്ഷം രൂപവരെ വായ്പ ലഭിക്കും. ആധുനിക രീതിയിൽ ബാങ്കിനെ വികസിപ്പിക്കുമെന്നും, എൻആർഐ, എൻആർഒ നിക്ഷേപം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് റീജിയൻ ജനറൽ മാനേജർ സി.അബ്ദുൽ മുജീബ് റിപ്പോർട്ടവതരിപ്പിച്ചു.കെ.ബി മൈക്രോ ഫിനാൻസ് വായ്പ വിതരണം മിനി ആന്റണി ഐഎഎസും, പാക്‌സിനുള്ള മൾട്ടി സർവ്വീസ് സെന്റർ വായ്പ വിതരണം പി.ബി.നൂഹ് ഐഎഎസും നിർവ്വഹിച്ചു. കേരള ബാങ്ക് ഡയറക്ടർ ഇ.രമേശ് ബാബു സ്വാഗതവും ഡെ.ജനറൽ മാനേജർ പി.ബാലഗോപാലൻ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *