കർഷക വിജയം ദേശ ചരിത്രത്തിലെ തങ്കലിപികൾ

അന്നം തരുന്ന കർഷകർ രാജ്യ തലസ്ഥാനത്ത് നടത്തിയ സമരം വിജയം കണ്ടിരിക്കുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മൂന്ന് കർഷക നിയമങ്ങളും പിൻവലിക്കുകയാണെന്ന് പ്രധാന മന്ത്രി രാഷ്ടട്രത്തോട് പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. ഈ പ്രഖ്യാപനം നേരത്തെയുണ്ടായിരുന്നെങ്കിൽ വിലപ്പെട്ട 750ലേറെ ജീവനുകൾ സംരക്ഷിക്കാമായിരുന്നു. കർഷക നിയമം പിൻവലിച്ച് പ്രധാനമന്ത്രി മാപ്പും പറഞ്ഞിരിക്കുന്നു. പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് എന്ത് നിയമവും ചുട്ടെടുത്താൽ അത് അപ്പാടെ വിഴുങ്ങുമെന്ന കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യമാണ് ഇവിടെ കത്തി ചാമ്പലായത്. കൊടിയ തണുപ്പും, ചൂടും, പുകയും പ്രതിസന്ധികളുടെ മഹാ തടസ്സങ്ങളും അതിജീവിച്ചാണ് നമ്മുടെ കർഷകർ പോരാടി വിജയം നേടിയതെന്ന് ശ്രദ്ധേയം. കേന്ദ്ര സർക്കാർ വിവിധ മാർഗ്ഗങ്ങളിലൂടെ സമരത്തെ നിർവ്വീര്യമാക്കാൻ ശ്രമിച്ചു എന്നത് സമരത്തിന്റെ നാൾവഴികൾ പരിശോധിച്ചാൽ വ്യക്തമാകും. ഒരു തരത്തിലും കർഷക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടായിരുന്നു 11 പ്രാവശ്യം നടന്ന ചർച്ചകളിലും കേന്ദ്ര സർക്കാരിന്റേത്. കേസ്, അറസ്റ്റ്, ഭീഷണി, രാജ്യസുരക്ഷ, തീവ്രവാദികൾ എന്നുവേണ്ട എല്ലാ നടപടികളും ചെറുത്ത് നിന്ന കർഷക പോരാളികളെ നമുക്ക് ഇരുകയ്യുയർത്തി അഭിവാദ്യം ചെയ്യാം.
ഈയടുത്ത ദിവസങ്ങളിൽ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കേന്ദ്ര സർക്കാരിന് തിരിച്ചടിയായിരുന്നു. ചില സംസ്ഥാനങ്ങളിൽ ബിജെപി നേതാക്കളെ ജനങ്ങൾ ബഹിഷ്‌കരിക്കുന്ന സ്ഥിതിപോലും സംജാതമായി. ആഗോള മാധ്യമങ്ങൾ വിഷയം ഏറ്റെടുക്കുകയും, കർഷക രക്ഷക്കായി മുറവിളികൾ ഉയരുകയും ചെയ്തു. വിവാദ കർഷക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് കർഷക സംഘടനകൾ സ്വീകരിച്ചതോടെ മോദി സർക്കാരിന് മുട്ട് മടക്കുക മാത്രമായിരുന്നു പോംവഴി. കർഷകരെ അവരുടെ കൃഷിയിടത്തിൽ നിന്ന് ആട്ടിയോടിക്കുന്നതും, കോർപ്പറേറ്റുകൾക്ക് മേയാൻ ഇന്ത്യൻ കാർഷിക രംഗം തുറന്നു കൊടുക്കുന്നതുമാണ് പുതിയ നിയമങ്ങൾ എന്നതായിരുന്നു കർഷക സംഘടനകൾ ഉയർത്തിയ വാദം. കേന്ദ്ര സർക്കാർ കർഷക ക്ഷേമത്തിനാണിതെന്ന് പ്രഖ്യാപിക്കുമ്പോഴും, നിയമത്തിന്റെ ഗുണഭോക്താക്കൾക്ക് മനസിലായില്ല എന്നാണ് പ്രധാനമന്ത്രി പറയുന്നത്. സർക്കാരുകൾ ആവിഷ്‌ക്കരിക്കുന്ന നിയമങ്ങൾ ജനങ്ങൾക്ക് പ്രതികൂലമാണെന്ന് ജനങ്ങൾ പറയുന്നുണ്ടെങ്കിൽ അത് അംഗീകരിക്കുകയായിരുന്നു ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തുടക്കത്തിൽ എടുക്കേണ്ടിയിരുന്നത് എന്നത് യാഥാർഥ്യമാണ്. കർഷക സംഘടനകളുടെ സമര രീതിയും, ഏവരുടെ നിശ്ചയ ദാർഢ്യവും ലക്ഷ്യബോധവും എക്കാലവും ഓർക്കപ്പെടും. ജനപിന്തുണയോടെയാണ് ഈ ക്ഷ്രോഭം വിജയിച്ചത്. സ്വാതന്ത്ര്യ ദിനത്തിലുണ്ടായ അനിഷ്ട സംഭവമൊഴിച്ചാൽ കർഷക സംഘടനകൾ വലിയ മുന്നൊരുക്കത്തിലൂടെയാണ് സമരം നയിച്ചതന്നെ് വ്യക്തമാകും.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പോരെന്നും പാർലമെന്റിൽ നിയമം പിൻവലിക്കുക, കാർഷികോൽപന്നങ്ങൾക്ക് ന്യായവില നിയമപരമായി ഉറപ്പാക്കുക, വൈദ്യുതി ഭേദഗതിബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ പരിഗണിച്ചാലേ ഡൽഹിയിലെ ഉപരോധ സമരം അവസാനിപ്പിക്കൂ എന്ന് കർഷക നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. കർഷക സമരത്തിന് പിന്തുണയുമായി രാജ്യത്താകമാനം എല്ലാ വിഭാഗം ജനങ്ങളും പ്രക്ഷോഭത്തിലണിനിരന്നു എന്നതും ശ്രദ്ധേയമാണ്. ഈ വിജയം എല്ലാ സർക്കാരുകൾക്കുമുള്ള ഒരു മുന്നറിയിപ്പാണ്. കേന്ദ്ര സർക്കാർ വളരെപെട്ടെന്ന് കർഷക നേതാക്കളുമായി ചർച്ച നടത്തി അവരുന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചു നൽകണം.

Share

Leave a Reply

Your email address will not be published. Required fields are marked *