കോഴിക്കോട്: കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡിന്റെ സഹകരണത്തോടെ ജില്ലാ ടിബി കേന്ദ്രവും ജില്ലാ ടിബി ഫോറവും സംയുക്തമായി ‘അക്ഷയ കേരളം’ പദ്ധതിയുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തകർക്ക് ഉള്ള ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ ടിബി കേന്ദ്രത്തിൽ നടത്തിയ പരിപാടി കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ടിബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ.പി.പി പ്രമോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ ബോർഡ് റീജ്യണൽ ഡയറക്റ്റർ സുമ ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.
എൻ.സി.ഡി – ടി ബി എച്ച്.ഐ വി സംയോജിത സ്‌ക്രീനിംഗിന് വേണ്ടിയുള്ള ഫാൽക്കൺ റ്റിയൂബുകൾ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ജില്ലാ ടിബി കേന്ദ്രം സിനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ ശില്പക്ക് കൈമാറി. ‘നേതൃത്വ ഗുണം ‘ എന്ന വിഷയത്തിൽ ജില്ലാ ടിബി കേന്ദ്രം സ്റ്റാറ്റിസ്റ്റികൽ അസിസ്റ്റന്റ് അബ്ദുൽ സലാം കെ.എയും ‘ജീവിത ശൈലീ രോഗങ്ങളും ക്ഷയ രോഗവും’ എന്ന വിഷയത്തിൽ മെഡിക്കൽ കോളേജ് സിനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ ഇ.കെ.ഷിജിത്തും ‘റോൾ ഓഫ് ടിബി ഫോറം’ എന്ന വിഷയത്തിൽ ജില്ലാ ടിബി ഫോറം പ്രസിഡണ്ട് ശശികുമാർ ചേളന്നുരും ക്ലാസ്സെടുത്തു.
ഇന്ന് (നവംബർ 19) ‘മയക്കുമരുന്നുപയോഗവും എയ്ഡ്സും’ എന്ന വിഷയത്തിൽ ഇ.പ്രഷൂഭനും ‘ടീം വർക്ക് ‘ എന്ന വിഷയത്തിൽ കൗൺസിലർ സുനുമോളും ‘അക്ഷയ കേരളം ‘ എന്ന വിഷയത്തിൽ ജില്ലാ ടിബി കേന്ദ്രം കൺസൾട്ടന്റും ‘എങ്ങനെ നല്ല ഒരു കൗൺസിലർ ആവാം’ എന്ന വിഷയത്തിൽ പരിശീലകൻ ആന്റണി ജോണി ആനിതോട്ടത്തിലും ക്ലാസെടുക്കും.