കോഴിക്കോട്: കെ റെയിൽ പോലുള്ള പദ്ധതികൾക്കെതിരെ ശബ്ദിക്കുമ്പോൾ ശത്രുക്കളുണ്ടാകുന്നുവെന്നും കേരളത്തിന്റെ ഭൂപ്രകൃതിക്ക് വിനാശമുണ്ടാക്കുന്ന വൻകിട പദ്ധതികൾ നമുക്ക് അഭികാമ്യമല്ലെന്നും കവി പി.കെ.ഗോപി പറഞ്ഞു. മനുഷ്യ സ്‌നേഹമില്ലാതെ കവിത വിരിയില്ല. മനുഷ്യന് വേണ്ടി എഴുതുകയെന്നാൽ പ്രകൃതിക്ക് വേണ്ടി എന്നുകൂടി അർത്ഥമുണ്ട്. ആറുമാസം പ്രായമുള്ള കുട്ടികളുടെ കൈകളിൽ പോലും മൊബൈൽ കൊടുക്കുന്ന നഗര-ഗ്രാമ അമ്മമാർ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ആവശ്യത്തിന് ഡോക്ടർമാർ, ആവശ്യത്തിന് പുസ്തകം, ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടെങ്കിലും മറ്റെന്തിന്റെയൊക്കെയോ കുറവുകൾ നമുക്കുണ്ട്. പീപ്പിൾസ് റിവ്യൂ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഒഞ്ചിയം ഉസ്മാൻ ഒരിയാനയുടെ എന്റെ വീട് പൊള്ളയാണ് ചെറുകഥാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക കേരള സഭാംഗം ജമാൽ വില്ല്യാപ്പള്ളി പുസ്തകം ഏറ്റുവാങ്ങി. വി.പി.രാഘവൻ(റൂബി) അദ്ധ്യക്ഷത വഹിച്ചു. സിറ്റിസൺ ഗ്രൂപ്പ് എം.ഡി ഉസ്മാൻ ഹാജി പി.കെ.ഗോപിയെ പൊന്നാടയണിയിച്ചു. വി.പി.സദാനന്ദൻ പുസ്തക പരിചയം നടത്തി. പീപ്പിൾസ് റിവ്യൂ സ്‌പെഷ്യൽ സപ്ലിമെന്റ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച് ചെയർ ഡയറക്ടർ അഡ്വ.ഖാദർ പാലാഴി, ലാപിക് മാനേജിംഗ് ഡയറക്ടർ എ.വി.മുഹമ്മദ് സാദിക്കിന് നൽകി പ്രകാശനം ചെയ്തു. സൂപ്പി തിരുവള്ളൂർ. എം.കെ.യൂസഫ് ഹാജി, റഷീദ്.ടി.പി, പി.കെ.മജീദ് ഹാജി, ഇസ്മയിൽ ഏറാമല,ഷസുദ്ദീൻ വെള്ളിക്കുളങ്ങര, സി.കെ.നിസാർ, ആശംസകൾ നേർന്നു. എഴുത്തുകാരൻ ഉസ്മാൻ ഒഞ്ചിയം മറുമൊഴി നടത്തി. പീപ്പിൾസ് റിവ്യൂ മാനേജിംഗ് ഡയറക്ടർ പി.ടി.നിസാർ സ്വാഗതവും, ജനറൽ മാനേജർ പി.കെ.ജയചന്ദ്രൻ നന്ദിയും പറഞ്ഞു.