കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌നേഹസ്പർശത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലക്കാരായ വൃക്ക രോഗികൾക്ക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ചെലവ് പൂർണ്ണമായി ഏറ്റെടുക്കാൻ ജില്ലയിലെ ആശുപത്രികളുമായി കൈകോർത്ത് ‘ജീവജ്യേതി’ പദ്ധതിക്ക് രൂപം നൽകി. വൃക്ക ദാതാവിന്റെയും സ്വീകർത്താവിന്റെയും ശസ്ത്രക്രിയാ ചെലവുകളാണ് ഈ പദ്ധതിയിലൂടെ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹസ്പർശം എറ്റെടുക്കുന്നത്. ദാതാവിന്റെ താക്കോൽദ്വാര ശസ്ത്രക്രിയ മൂന്ന് ലക്ഷത്തി അയ്യായിരം രൂപയായും തുറന്ന ശസ്ത്രക്രിയ രണ്ട്‌ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയായും നിജപ്പെടുത്തിയാണ് ജീവജ്യോതി പദ്ധതിക്ക് രൂപം നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന ആസ്റ്റർ മിംസ്, ഇഖ്‌റ, ബേബി മെമ്മോറിയൽ, മെട്രോമെഡ് എന്നീ ആശുപത്രികളുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് ഈ പദ്ധതിക്ക് രൂപം
കൊടുത്തത്.
സാധാരണ ഗതിയിലുള്ള ദാതാവിന്റെയും സ്വീകർത്താവിന്റെയും ശസ്ത്രക്രിയക്ക് ഈ തുക മതിയാകും. ശസ്ത്രക്രിയക്ക് ശേഷം കഴിക്കേണ്ട ജീവൻ രക്ഷാ മരുന്നുകൾ സ്‌നേഹ സ്പർശത്തിലൂടെ സൗജന്യമായി എല്ലാ മാസവും നൽകുകയും ചെയ്യും. ഇൻഷുറൻസ് പരിരക്ഷ, കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ, ഇമ്പോഴ്‌സ്‌മെന്റ് സൗകര്യം എന്നിവ ലഭിക്കാത്തതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും വേണ്ടിയാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്.
സർജറി തിയതി മുതൽ ദാതാവിന് 5 ദിവസത്തെയും സ്വീകർത്താവിനു 10 ദിവസത്തെയും മുറി വാടക, ഡോക്ടർ, നഴ്‌സ് ചാർജ്, സാധാരണയായ് ഈ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന മരുന്നുകൾ, മറ്റ് സർജിക്കൽ ഉപകരണങ്ങൾ ഉൾപ്പെട്ട ചെലവുകൾ ജീവജ്യോതി പദ്ധതിയിൽ ഉൾപ്പെടുന്നവയാണ്.
അഡ്മിറ്റാകുന്നതിന് മുൻപുള്ള ക്രോസ്മാച്ചിംഗ് ഉൾപ്പെടെയുള്ള ലാബ് പരിശോധന ചെലവുകൾ, ഡിസ്ചാർജ്ജിനു ശേഷമുള്ള ചെലവുകൾ, സർജറി സമയത്ത് അപ്രതീക്ഷിതമായി ഉപയോഗിക്കേണ്ടി വരുന്ന മരുന്നുകളുടേയോ ടെസ്റ്റുകളുടേയോ ചെലവുകൾ, അപ്രതീക്ഷിതമായി ദാതാവിനോ സ്വീകർത്താവിനോ ഉണ്ടാകുന്ന എല്ലാവിധ അധിക ചെലവുകളും ഈ പദ്ധതതിതയിൽ ഉൾപ്പെടില്ല.
ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് വൃക്ക മാറ്റിവെക്കാൻ ഡോക്ടർ സാക്ഷ്യപ്പെടുത്തിയവർക്കും, കോഴിക്കോട് ആസ്റ്റർ മിംസ്, ഇഖ്‌റ, ബേബി മെമ്മോറിയൽ മെട്രോമെഡ് ഇന്റർ നാഷണൽ കാർഡിയാക് സെന്റർ എന്നീ ആശുപത്രികളിൽ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തുന്നവരും മാത്രമേ ഈ പദ്ധതിയിൽ അപേക്ഷിക്കേണ്ടതുള്ളൂ. അപേക്ഷകൻ കോഴിക്കോട് ജില്ലകാരനായിരിക്കണം.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, വൈസ് പ്രസിഡണ്ട് എം.വി.ശിവാനന്ദൻ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്‌സൺ എൻ.എം.വിമല, പി.സുരേന്ദ്രൻ,ടി.അഹമ്മദ് കബീർ, ടിഎം.അബൂബക്കർ, ബറാമി.വി.ജാഫർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.