മുല്ലപ്പെരിയാറിലെ വീഴ്ചകൾ സമഗ്രമായി പരിശോധിക്കണം

മുല്ലപ്പെരിയാർ മരംമുറി വിഷയത്തിൽ കുറ്റകരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. നീണ്ട നിയമയുദ്ധം നടക്കുന്ന ഒരു വിഷയത്തിൽ, ജനങ്ങളുടെ ജീവൻ പോലും അപകടത്തിലാവുമെന്നാശങ്കയുള്ള ഒരു കാര്യത്തിൽ നിരുത്തരവാദിത്ത പരമായി പെരുമാറിയ മുഴുവൻ ആളുകളെയും വെളിച്ചത്ത് കൊണ്ടുവരണം. മരമുറിയുമായി ബന്ധപ്പെട്ട് സർക്കാർ ഇപ്പോൾ സസ്‌പെന്റ് ചെയ്തിട്ടുള്ളത് ചീഫ് വൈൽഡ് ലൈഫ് വാർഡനെ മാത്രമാണ്. എന്നാൽ താൻ മാത്രമായിട്ടെടുത്ത തീരുമാനമല്ലെന്നും ഉന്നത തലത്തിൽ ആലോചിച്ചാണ് തീരുമാനമെടുത്തിട്ടുള്ളതെന്നാണ് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥന്റെ വാദം. ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശവും ഇതിനായി ഒരു തവണ യോഗം വിളിച്ചിരുന്നെന്നുമാണ് വാർത്തകൾ പുറത്ത് വരുന്നത്.
ബേബി ഡാം ശക്തിപ്പെടുത്താൻ അനുമതി നൽകാൻ സെപ്തംബർ 17ന് കേരള – തമിഴ്‌നാട് സർക്കാരുകളുടെ സെക്രട്ടറി തല രേഖകളും, മരംമുറി സംബന്ധിച്ച് ആറ് മാസം മുൻപ് തന്നെ ജലവിഭവ വകുപ്പിന് അറിയാമായിരുന്നെന്നുമാണ് ഇപ്പോൾ പുറത്തു വന്ന വിവിരം. സംസ്ഥാന സർക്കാർ നയപരമായി എടുക്കേണ്ട ഒരു വിഷയം മുഖ്യ മന്ത്രിയും അഡ്വക്കറ്റ് ജനറലും, മന്ത്രി സഭയും പരിഗണിക്കാതെ എങ്ങനെ ഈ ഫയൽ ഒരു ഉദ്യാഗസ്ഥൻ ഒപ്പിട്ടു. ജല വിഭവ-വനംവകുപ്പ് മന്ത്രിമാർ അറിയാതെ എങ്ങനെ ഈ ഉത്തരവിറങ്ങി എന്നതെല്ലാംസൂക്ഷ്മമായ അന്വേഷണത്തിന് വിധേയമാക്കണം. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ കേരള മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് കത്തെഴുതിയതും, അത് പുറത്തു വന്നതോടെയാണ് ബേബി ഡാം പരിസരത്ത് നിന്ന് മരംമുറിക്കാൻ കേരളം അനുമതി നൽകിയെന്ന വാർത്ത പുറത്ത് വന്നത്. ഉത്തരവ് കേരളം റദ്ദാക്കിയെങ്കിലും ഇതിനുള്ള അണിയറ ചരടുവലികൾ വളരെ മുമ്പ് തന്നെ രൂപം കൊണ്ടിരുന്നു എന്നാണ് മനസിലാകുന്നത്. ഇത്തരത്തിലൊരു അനുകൂല ഉത്തരവ് തമിഴ്‌നാടിന് കൈമാറുകയും, അത് സുപ്രീം കോടതിയിൽ കേരളം സമർപ്പിക്കുകയും ചെയ്യുമ്പോൾ, മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ വാദങ്ങൾ ദുർബലപ്പെടാൻ ഇടയാക്കുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള വലിയൊരു തർക്ക വിഷയത്തിൽ ലാഘവ ബുദ്ധിയോടെ ഇടപെട്ട ഉന്നത ഉദ്യോഗസ്ഥർ, ഇക്കാര്യത്തിൽ ശ്രദ്ധിക്കാതിരുന്ന വകുപ്പ് മന്ത്രിമാർ ഉൾപ്പെടെ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ മുഴുവൻ ആളുകളുടെ പേരിലും ശക്തമായ നടപടി സർക്കാർ അടിയന്തിരമായി സ്വീകരിക്കണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *