കോഴിക്കോട്: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ വീരപോരാളിയാണ് എം.വി.രാഘവനെന്നും, എം.വി.ആറിന്റെ വളർച്ചയിൽ ശത്രുത തോന്നിയ മഹാൻമാരായ കമ്യൂണിസ്റ്റ് നേതാക്കളാണ് അദ്ദേഹത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
1986ൽ ബദൽ രേഖ കൊണ്ട്‌വന്നപ്പോൾ കൂടെ നിന്നവർപോലും അവസാനം കാലുവാരിയെങ്കിലും നിലപാടിലുറച്ചു നിന്ന പോരാളിയായിരുന്നു അദ്ദേഹം. അന്ധമായ കോൺഗ്രസ് വിരോധം കൊണ്ട് മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു. ദേശീയ രാഷ്ട്രീയത്തിൽ ഹിന്ദു വർഗ്ഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ ഇത് മാത്രമാണ് പോംവഴി എന്ന സത്യം മിഴിതുറക്കുമ്പോൾ, എംവിആറിനെ പിന്നിൽ നിന്ന് കുത്തിയവർ ആത്മ പരിശോധന നടത്തണം. ബംഗാളിലും, ത്രിപുരയിലും കമ്യൂണിസ്റ്റ് പാർട്ടി തകർന്നടിഞ്ഞു. കേരളത്തിലെ സിപിഎം നേതൃത്വം വ്യക്തിയധിഷ്ഠിതമാണ്. പോളിറ്റ് ബ്യൂറോക്കോ, കേന്ദ്ര കമ്മറ്റിക്കോ, സംസ്ഥാന കമ്മറ്റിക്കോ യാതൊരു വിലയുമില്ല. ജി.സുധാകരനെപോലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പോലും ഇന്ന് ഉൾപാർട്ടി ജനാധിപത്യമില്ലാത്ത പാർട്ടിയിൽ നിലനിൽപ്പിനായി പ്രയാസപ്പെടുകയാണ്. സിപിഎമ്മിനകത്ത് ഉൾപ്പോര് ശക്തമാണ്. വിഭാഗീയത പുറത്ത് വരുന്നില്ല എന്നതാണ് സത്യം. തൊഴിലാളി വർഗ്ഗത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു എം.വി.ആർ. തൊഴിലാളി വർഗ്ഗ പാർട്ടിയായ സിപിഎം ഇന്ന് കോർപ്പറേറ്റ് കാര്യങ്ങളാണ് സംസാരിക്കുന്നത്. ലണ്ടൻ സ്റ്റോക്ക്എക്‌സ്‌ചേഞ്ച്, ജപ്പാൻ കമ്പനി, എഡിബി, കൺസൽട്ടൻസി ഇതൊക്കെയാണ് ഒരുപിടി നേതാക്കളുടെ അജണ്ട. സ്ഥാപിത താൽപര്യത്തിന്റെ പിടിയിൽ കേരളത്തിലെ സിപിഎം അകപ്പെട്ടിരിക്കുകയാണ്.
സാധാരണ പ്രവർത്തകരുമായി ജൈവബന്ധം പുലർത്തിയ എംവിആറിനെപോലുള്ള നേതാവ് കമ്യൂണിസ്റ്റ് പാർട്ടിയിൽ വിരളമാണ്. പാർട്ടി പ്രവർത്തകരുടെ പ്രശ്‌നത്തിന് ഏത് പാതിരാത്രിയിലും നെഞ്ചുവിരിച്ച് ഓടിയെത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. നിശ്ചയിക്കുന്ന കാര്യം നേടിയെടുക്കാൻ വിശ്രമമില്ലാതെ അദ്ദേഹം പ്രയത്‌നിച്ചു. കേരളത്തിന്റെ വികസനത്തിൽ അദ്ദേഹം ചെയ്ത സംഭാവന വിലമതിക്കാനാവാത്തതാണ്. തുറമുഖ മന്ത്രിയായിരുന്നപ്പോൾ വിഴിഞ്ഞം, അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങൾ, പരിയാരം സഹകരണ മെഡിക്കൽ കോളേജ്, കണ്ണൂർ പാമ്പ് വളർത്തൽ കേന്ദ്രം, ആയൂർവ്വേദ കോളേജ്, എകെജി ആശുപത്രി തുടങ്ങി നിരവധി സഹകരണ സ്ഥാപനങ്ങൾ അദ്ദേഹം കെട്ടിപ്പടുത്തു. ഞാൻ കേന്ദ്ര സഹകരണ വകുപ്പ് കൈകാര്യം ചെയ്ത ഘട്ടത്തിൽ, എംവിആർ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് പാപ്പിനിശ്ശേരിയിൽ സ്ഥാപിച്ചത്. ഇന്ന് രാജ്യത്തെ മുൻനിര ഇൻസ്റ്റിറ്റ്യൂട്ടാണത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ ഒരു മാസത്തിനകം പാർട്ടിയുണ്ടാക്കി അദ്ദേഹം സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ചു. യുവാക്കളെ കണ്ടെത്തി അവരെ വളർത്തിയെടുക്കാൻ പ്രത്യേക ശ്രദ്ധയും അദ്ദേഹം പുലർത്തി.
60കളിൽ നക്‌സലിസത്തിലേക്ക് കമ്യൂണിസ്റ്റ് യുവാക്കൾ വഴിമാറാൻ തുടങ്ങിയപ്പോൾ അതിനെ പ്രതിരോധിച്ച പ്രമുഖ നേതാവായിരുന്നു അദ്ദേഹം. പുറത്ത്‌പോയവരെ തിരിച്ചുകൊണ്ടുവരാൻ നടത്തിയ പ്രവർത്തനം രജത രേഖയായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. എംവിആർ കണ്ണൂർ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്ന കാലമാണ് പ്രതാപ കാലം. നേതാക്കൾ ഒറ്റപ്പെടുമ്പോൾ
കൂടെ നിന്നവർ ഉപേക്ഷിക്കുന്നത് നിലവിലുണ്ട്. അത് തന്നെയാണ് എംവിആറിനുമുണ്ടായിരുന്നത്. സിപിഎം പോലുള്ള കേഡർ പാർട്ടിയെ ചെറുക്കാൻ അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ തന്ത്രങ്ങൾ രാഷ്ട്രീയ വിദ്യാർത്ഥികൾ പഠിക്കേണ്ടതാണ്.
എംവിആറിന്റെ വളർച്ചയിൽ അസൂയയുള്ള നേതാക്കൾ അദ്ദേഹത്തിനെതിരെ സ്വന്തം പാർട്ടിക്കുള്ളിൽ പ്രതിയോഗികളെ സൃഷ്ടിച്ചാണ് പുറത്താക്കിയതെന്നദ്ദേഹം പറഞ്ഞു. എംവിആറിന്റെ ഏഴാം ചരമ വാർഷിക ദിനം കാലിക്കറ്റ് സിറ്റി ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം ഹൈന്ദവ-ന്യൂനപക്ഷ-വർഗ്ഗീയ ശക്തികളുമായി രഹസ്യ ധാരണയുണ്ടാക്കിയെന്ന് താൻ പറഞ്ഞപ്പോൾ കൂടെ നിൽക്കുന്നവർ പോലും വേണ്ടത്ര അംഗീകരിച്ചില്ല. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ബിജെപിയുമായി രഹസ്യ സഖ്യമുണ്ടായിരുന്നു എന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വ്യക്തമായി.
ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷമായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ന് കേവലം അഞ്ച് എം.പിമാരാണുള്ളത്. കെ റെയിൽ കേരളത്തെ തകർക്കുമെന്നും പശ്ചിമഘട്ട മലനിരകളുടെ നാശം വൻ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഎംപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എൻ.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചൂരായ് ചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺകുമാർ, സിഎംപി സംസ്ഥാന സെക്രട്ടയേറ്റംഗം ജി.നാരായണൻകുട്ടി മാസ്റ്റർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഷ്‌റഫ് മണക്കടവ് സ്വാഗതവും, ജോയന്റ് സെക്രട്ടറി ചാലിൽ മൊയ്തീൻ കോയ നന്ദിയും പറഞ്ഞു.