കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിൽ ഡിഗ്രിക്ക് പുതിയ സീറ്റുകൾ വർദ്ധിപ്പിക്കാൻ സിൻഡിക്കേറ്റെടുത്ത തീരുമാനം നടപ്പിലാക്കാത്തതിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ എം.ശൈഖ് റസൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ കോളേജുകളിൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തീരുമാനം നടപ്പിലാക്കാതിരിക്കുകയാണ്. 90% മാർക്ക് നേടിയ 33,000 വിദ്യാർത്ഥികളിൽ 22,000 പേർക്ക് മാത്രമാണ് സർക്കാർ എയ്ഡഡ് കോളേജുകളിൽ പ്രവേശനം ലഭിച്ചിട്ടുള്ളത്. മറ്റ് വിദ്യാർത്ഥികൾ സ്വാശ്രയ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും. പ്രശ്‌നത്തിന്റെ സങ്കീർണ്ണത കുറയ്ക്കാൻ പുതിയ തീരുമാനത്തിലൂടെ സാധിക്കും. സർക്കാർ, കോളേജ് അധികൃതർ തുടരുന്ന അനാസ്ഥ പരിഹരിക്കാൻ ശക്തമായി ഇടപെടണം. ഡിഗ്രി പ്രവേശനം വൈകിയാൽ ശക്തമായ സമരം ആരംഭിക്കുമെന്നദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതിയംഗം ഫസൽ പുളിയാറക്കൽ, കോഴിക്കോട് സൗത്ത് ജില്ലാ കമ്മറ്റിയംഗം ജുബൈർ പങ്കെടുത്തു.