കോഴിക്കോട്: ഇന്ധന വില അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ, ബസ്സ് സർവ്വീസ് നടത്തിക്കൊണ്ട് പോകാൻ ഒരു സാഹചര്യത്തിലും സാധിക്കാത്തതിനാൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നവംബർ 19 മുതൽ അനിശ്ചിതമായി സർവ്വീസ് നിർത്തിവെക്കുമെന്ന് സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിനിമം ചാർജ്ജ് 12 രൂപയാക്കുക, കിലോമീറ്ററിന് ഒരു രൂപയാക്കുക, തുടർന്നുള്ള യാത്രക്ക് നിരക്കിന്റെ 50% ആക്കുക, കോവിഡ് കാലം കഴിയുന്നതുവരെ സ്വകാര്യ വാഹനങ്ങളുടെ നികുതി പരിപൂർണ്ണമായും ഒഴിവാക്കുക എന്നവർ ആവശ്യപ്പെട്ടു. നവംബർ 5ന് കാലത്ത് 10.30ന് ജില്ലയിലെ ബസ്സ് ഉടമകളുടെ കൺവെൻഷൻ അസോസിയേഷൻ ഹാളിൽ ചേരും. ചെയർമാൻ കെ.ടി.വാസുദേവൻ, കൺവീനർ കെ.രാധാകൃഷ്ണൻ, എം.തുളസീദാസ്, പി.സി.ഗഫൂർ പങ്കെടുത്തു.