ഇന്ധന വിലയുടെ കാഠിന്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് ഇന്ത്യൻ ജനത. പെട്രോൾ-ഡീസൽ-പാചക വാതക വിലകളാണ് വാണംവിട്ടപോലെ കുതിച്ചുകയറുന്നത്. രാജ്യത്ത് പെട്രോൾ-ഡീസൽ വില കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്മേൽ ചുമത്തുന്ന നികുതിയാണ് ഇവിടെ വില്ലൻ. അധിക നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ നിരന്തര സമരം നടത്തിയിട്ടും ഭരണ കർത്താക്കൾ ബധിര കർണ്ണങ്ങളുമായി നിൽപ്പാണ്. പാവപ്പെട്ടവരടക്കമുള്ള ജനവിഭാഗങ്ങളാണ് ഈ ദുരിതം പേറുന്നതെന്ന് ഭരണകൂടങ്ങൾ മനസ്സിലാക്കണം. ഭരണ കൂടങ്ങളിൽ നിന്ന് ജനങ്ങൾക്ക് നീതി ലഭിക്കാതെ വരുമ്പോൾ ബഹുമാനപ്പെട്ട നീതി പീഠങ്ങൾ രക്ഷക്കെത്താറുണ്ട്. ഇന്ത്യൻ ജനത ആഗ്രഹിക്കുന്നതും ഇത് തന്നെയാണ്. യാതൊരു ന്യായീകരണവും ഇല്ലാതെ പൊതുജനത്തെ കൊള്ളയടിക്കുന്ന പെട്രോളിയം കമ്പനികളെ നിലയ്ക്ക് നിർത്താൻ ജനങ്ങൾ പ്രതീക്ഷയോടെ നോക്കുന്നത് നീതി പീഠങ്ങളെയാണ്.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കുമ്പോൾ അത് പെട്രോളിയം ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്ക് മാത്രമല്ല മറ്റിതര മേഖലയിലും പ്രശ്നങ്ങൾ സൃഷ്ടിക്കും. നിലവിലുണ്ടാകുന്ന വിലക്കയറ്റിന് ഒരു കാരണവുമിതാണ്. ട്രാൻസ്പോർട്ട് കൂലി ഗണ്യമായി വർദ്ധിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെയടക്കം വില വർദ്ധിക്കുന്നതിന് കാരണമാവുകയാണ്. ജന ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന ഇന്ധന വില കുറയ്ക്കാൻ സർക്കാരുകൾ എടുക്കുന്ന അമാന്തം പൊറുക്കാനാവാത്തതാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കുക മാത്രമാണ് ഏക പോംവഴി.
ഇന്ധനവില വർദ്ധന ഒരു ഭാഗത്ത് കൂടുമ്പോൾ മറുഭാഗത്ത് പാചക വാതകത്തിനും കൂടുകയാണ്. ഈ വർഷം തുടക്കത്തിൽ 703പയാണ് പാചക വാതകത്തിനുണ്ടായിരുന്നതെങ്കിൽ 908 രൂപയാണ് ഇപ്പോഴത്തെ വില. സർചാർജിൽ വരുമാന മാറ്റത്തിനനുസരിച്ച് വിലയിലും മാറ്റമുണ്ടാകും. സബ്സിഡി, വികസനത്തിന് പണം കണ്ടെത്താനെന്ന പേരിലും നിർത്തിയിരിക്കുകയാണ്. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 266 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇപ്പോൾ 2020 രൂപയാണ് ്. ഇപ്പോൾ 2020 രൂപയാണ്. ഹോട്ടലുകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. സ്വാഭാവികമായും ഊണിനടക്കം വിലകൂടും. നിത്യേന ഹോട്ടലിൽ നിന്ന് ആഹാരം കഴിക്കുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന അരി, പച്ചക്കറി, കോഴികൾക്കെല്ലാം വില കൂടുകയാണ്. അതിലൊരു കാരണം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് തന്നെയാണ്. 2020 നവംബർ 1ന് പെട്രോൾ വില 81.64, 2021 നവംബർ 1ന് 110.21, ഡീസലിന് 2020 നവംബർ 1ന് 74.76, 2021 നവംബർ 1ന് 104.12 പൈസയായി വർദ്ധിച്ചിരിക്കുകയാണ്. ഈ വർഷം പെട്രോളിന് 31%വും ഡീസലിന് 33%വും ആണ് വില വർദ്ധന ഉണ്ടായിട്ടുള്ളത്. പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ പ്രശ്ന പരിഹാരമുണ്ടാകുമെന്ന് ജനവിഭാഗം വാദിക്കുമ്പോൾ അതുകൊണ്ട് പ്രത്യേക പ്രയോജനമില്ലെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. കേന്ദ്ര സർക്കാർ തന്നെയാണ് ഇതിൽ ഫലപ്രദമായി നടപടിയെടുക്കേണ്ടത്. സംസ്ഥാന സർക്കാരിനും നികുതി വേണ്ടെന്നുവെച്ച് പ്രശ്നത്തിന് ചെറിയ പരിഹാരമുണ്ടാക്കാൻ സാധിക്കും. ഒരറ്റവുമില്ലാതെ വില കൂടുകയാണ്. ഇതെങ്ങനെ പിടിച്ചുകെട്ടും, ആര് നടപടിയെടുക്കുമെന്നതിൽ ഒരു വ്യക്തതയുമില്ല. കോവിഡിന്റെ പ്രതിസന്ധിയിൽ സമസ്ത മേഖലകളും മാന്ദ്യത്തിലാണ്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ മനുഷ്യർ പ്രയാസപ്പെടുന്ന ഇക്കാലത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കയ്യുംകെട്ടി നോക്കിനിൽക്കുന്നതിന് ഒരു ന്യായീകരണവുമില്ല.