കലാലയ മുറ്റത്ത് കുട്ടികളെത്തുമ്പോൾ

 

വീണ്ടും കലാലയങ്ങളിൽ മണിമുഴങ്ങാൻ പോകുകയാണ്. ഒന്നര വർഷമായി നിശ്ചലമായിരുന്ന കലാലയ മുറ്റം ഇനി സജീവമാകും. ലോകം പുതിയ മാറ്റത്തിന് തയ്യാറാവേണ്ട ഒരു ഘട്ടത്തിൽ കൂടിയാണ് സ്‌കൂളുകൾ തുറക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. കോവിഡിന്റെ ഭീഷണിയിൽ നിന്ന് നാം പതുക്കെ കരകയറി തുടങ്ങിയതേയുള്ളൂ. കോവിഡിനെതിരായ വാക്‌സിൻ വന്നതോടുകൂടി വലിയ ആശ്വാസമാണ് ലോക ജനതക്കുണ്ടായിട്ടുള്ളത്. (വാക്‌സിൻ വേണ്ട എന്ന് നിലപാടെടുക്കുന്നവരും നിലവിലുണ്ട്). കഴിഞ്ഞ അധ്യന വർഷവും, ഈ അധ്യയന വർഷത്തിന്റെ പകുതി ഭാഗവും കുട്ടികൾ ഓൺലൈൻ ക്ലാസുകളെയാണ് ആശ്രയിച്ചത്. മികച്ച ക്ലാസുകളാണ് കുട്ടികൾക്ക് ഓൺലൈനിലൂടെ ലഭിച്ചത് എന്ന് വ്യക്തമാണ്. കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്നും അതിന് മുൻപ് ഹോമിയോ പ്രതിരോധ ഗുളികകൾ നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. (ഹോമിയോ പ്രതിരോധ ഗുളികകൾ നൽകുന്നതിനെതിരെ ഐഎംഎ രംഗത്ത് വന്നിട്ടുണ്ട്). ചികിത്സാ ശാഖയിലെ ശത്രുമനോഭാവം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. തങ്ങളുടെ ചികിത്സാ രീതി മാത്രമാണ് ശരി എന്ന് ശാഠ്യം പിടിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. ഓരോ ചികിത്സക്കും അതിന്റേതായ ഗുണങ്ങളുണ്ട്. അത് ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാവണം.
സ്‌കൂൾ തുറക്കുമ്പോൾ നടപ്പാക്കേണ്ട പഠന രീതികളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ഓൺലൈൻ പഠനം മാത്രം കഴിഞ്ഞ കാലങ്ങളിൽ നടത്തിയ കുട്ടികളുടെ നിലവാരം വിലയിരുത്തി അവരെ കൂടുതൽ മിടുക്കരാക്കാൻ അധ്യാപകരുടെ വലിയ ഇടപെടൽ ആവശ്യമാണ്. സ്‌കൂളുകളുടെ ശുചീകരണം തന്നെയാണ് ഏറ്റവും പ്രധാനം. മിക്ക സ്‌കൂളുകളിലും അധ്യാപക-രക്ഷാകർതൃ സമിതികൾ യോഗം ചേരുകയും ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചു വരികയും ചെയ്യുന്നുണ്ട്. സ്‌കൂളുകളുടെ സുരക്ഷിതത്വവും വിലയിരുത്തണം. സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസും വലിയ വിഷയം തന്നെയാണ്. അധ്യാപകരുടെ ഒഴിവുകൾ, പ്രധാന അധ്യാപകരുടെ ഒഴിവുകൾ എന്നിത്യാദി കാര്യങ്ങളും നാം അഭിമുഖീകരിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. ഒരു വർഷം സ്‌കൂൾ നഷ്ടപ്പെട്ടാൽ രണ്ട് വർഷത്തെ പഠനമാണ് നഷ്ടപ്പെടുന്നതെന്ന യൂണിസെഫിന്റെ വിലയിരുത്തലും നാം മറന്നുകൂടാ!. കുട്ടികൾ വ്യത്യസ്തമായ ഒരന്തരീക്ഷത്തിലായിരുന്നു കഴിഞ്ഞ ഒന്നര വർഷക്കാലമെന്നത് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അവരെ സാധാരണ നിലയിലേക്ക് കൊണ്ടുവരികയും പഠനാന്തരീക്ഷത്തിലേക്ക് നയിക്കാനും അധ്യാപകർക്കും, രക്ഷിതാക്കൾക്കുമാകണം. ഓൺലൈൻ ക്ലാസിലൂടെ വളരെമികച്ച രീതിയിൽ പാഠ ഭാഗങ്ങൾ പഠിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. തുടർന്ന് ക്ലാസിലെ പഠനം കൂടിയാകുമ്പോൾ നന്നായി പഠിച്ചെടുക്കാൻ വിദ്യാർതഥികൾക്ക് ആകുമമെന്നത് യാഥാർത്ഥ്യമാണ്.
നമ്മുടെ കുട്ടികളെ പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കാൻ കൂടി ലഭിക്കുന്ന അവസരമാണിത്. എല്ലാവരും കൂട്ടായി ഈ പ്രതിസന്ധികളെ തോൽപ്പിക്കുമെന്ന് ഉറപ്പിക്കാം. പ്രകൃതിയെ സംരക്ഷിച്ച് സഹജീവി സ്‌നേഹം മുറുകെ പിടിച്ച് അറിവിന്റെ അക്ഷയ ഖനികളിൽ സഞ്ചരിക്കുന്ന ഒരു മാതൃകാ വിദ്യാർത്ഥി സമൂഹം തന്നെയാണ് കാലത്തിനാവശ്യം. അത്തരം സമൂഹ നിർമ്മിതിക്കായി സർക്കാരിനൊപ്പം സന്നദ്ധ-രാഷ്ട്രീയ-മത-സാമൂഹിക സംഘടനകളും രക്ഷിതാക്കളും, കുട്ടികളും കൈകോർക്കാം.

 

Share

Leave a Reply

Your email address will not be published. Required fields are marked *