കോഴിക്കോട്: പതിനേഴാമത് ഓൾകേരള റോൾബോൾ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 30,31 തിയതികളിൽ പന്തീരാങ്കാവ് ഓക്‌സ്‌ഫോർഡ് സ്‌കൂളിൽ നടക്കും. 30ന് രാവിലെ 9 മണിക്ക് കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ റോൾ ബോൾ അസോസിയേഷൻ പ്രസിഡണ്ട് ഡോ.ജെ.രാജ്‌മോഹൻ പിള്ള, സെക്രട്ടറി സജി.എസ്, ട്രഷറർ എ.നാസർ, റോൾ ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ഒബ്‌സർവർ സ്റ്റീഫൻ ഡേവിഡ്, കോഴിക്കോട് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡണ്ട് റോയ് ജോൺ, ഓക്‌സ്‌ഫോർഡ് സ്‌കൂൾ മാനേജർ ഷാജഹാൻ ജി.എം സംസാരിക്കും. സ്‌പോർട്‌സ് കൗൺസിൽ മെമ്പർ ഷാജേഷ്.കെ സ്വാഗതവും കോഴിക്കോട് ജില്ലാ റോൾ ബോൾ അസോസിയേഷൻ ട്രഷറർ വേണുഗോപാൽ ഇ.കെ.നന്ദിയും പറയും.
സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 26 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ നിന്ന് ഓരോ ടീമുകൾ വീതം ഓരോ ജില്ലയെയും പ്രതിനിധീകരിച്ച് പങ്കെടുക്കും. 20 മിനിറ്റാണ് ഒരു മാച്ചിന്റെ സമയ ദൈർഘ്യം. റോൾബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഒബ്‌സർവരുടെ നിരീക്ഷണത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. 30ന് സബ്ജൂനിയർ വിഭാഗം മത്സരങ്ങളും 31ന് ജൂനിയർ വിഭാഗം മത്സരങ്ങളും നടക്കും.
ആദ്യമായാണ് റോൾബോൾ സംസ്ഥാന മത്സരങ്ങൾക്ക് കോഴിക്കോട് വേദിയാകുന്നത്. ഒളിമ്പിക് അസോസിയേഷൻ ഈയടുത്ത് റോൾബോൾ മത്സരങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും അടുത്ത ഒളിമ്പിക്‌സിൽ റോൾബോൾ മത്സര ഇനമായിരിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒളിമ്പിക്‌സ് അസോസിയേഷന്റെ അംഗീകാരം ലഭിച്ച ശേഷം നടക്കുന്ന ആദ്യ സംസ്ഥാന മീറ്റാണ് കോഴിക്കോട്ടേത്. മത്സരത്തിലെ മികച്ച താരങ്ങളെ ദേശീയ ചാമ്പ്യൻഷിപ്പിലേക്കുള്ള സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കുന്നതാണ്.
കോഴിക്കോട് ജില്ലാ റോൾബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ജീഷ് വെൺമരത്ത്, സെക്രട്ടറി ദിവഷ് പലേച്ച, സ്‌പോർട്‌സ് കൗൺസിൽ മെമ്പർ ഷാജേഷ് കുമാർ, അഡ്വ.ഷാംജിത് ഭാസ്‌കർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.