സ്‌കൂൾ തുറക്കൽ: രക്ഷിതാക്കൾ വാക്സിനേഷൻ പൂർത്തിയാക്കണം ജില്ലാ മെഡിക്കൽ ഓഫീസർ

സ്‌കൂൾ തുറക്കൽ: രക്ഷിതാക്കൾ വാക്സിനേഷൻ പൂർത്തിയാക്കണം ജില്ലാ മെഡിക്കൽ ഓഫീസർ

കോഴിക്കോട്:സ്‌കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ടാം ഡോസെടുക്കാൻ സമയമായ എല്ലാ രക്ഷിതാക്കളും വീട്ടിലെ മറ്റു അംഗങ്ങളും രണ്ടാം ഡോസെടുത്ത് വാക്സിനേഷൻ പൂർത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി അറിയിച്ചു. തൊട്ടടുത്ത വാക്‌സിനേഷൻ കേന്ദ്രങ്ങളുമായോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെട്ട് വാക്‌സിനേഷൻ പൂർത്തിയാക്കണം.

കോവിഷീൽഡ് വാക്‌സിന്റെ ഒന്നാം ഡോസ് എടുത്തവർക്ക് 84 ദിവസങ്ങൾക്ക് ശേഷവും കോവാക്‌സിന്റെ ഒന്നാം ഡോസെടുത്തവർക്ക് 28 ദിവസങ്ങൾക്ക് ശേഷവും രണ്ടാം ഡോസെടുക്കാം. കോവിഡ് പോസിറ്റീവായാൽ മൂന്ന് മാസത്തിന് ശേഷം വാക്‌സിനെടുക്കാം. എല്ലാ സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും വാക്‌സിൻ ലഭ്യമാണ്.

ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ള 93 ശതമാനം ആളുകൾ ഒന്നാം ഡോസും 46 ശതമാനം ആളുകൾ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. രണ്ട് ഡോസും എടുത്താൽ മാത്രമേ കോവിഡിനെതിരെ ശക്തമായ പ്രതിരോധശേഷി കൈവരിക്കാൻ സാധിക്കുകയുള്ളൂ. രണ്ട് ഡോസും എടുത്തവരിൽ കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനുള്ള സാധ്യത വളരെ കുറവാണ്. രണ്ട് ഡോസും പൂർത്തിയാക്കി സുരക്ഷിതത്വം ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *