കോഴിക്കോട്: വയനാട് ലോട്ടറി തൊഴിലാളി സൊസൈറ്റിയിലെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് അസോസിയേഷൻ(ഐഎൻടിയുസ്) സംസ്ഥാന പ്രസിഡണ്ട് തോമസ് കല്ല്യാടൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേരള സംസ്ഥാന ഭാഗ്യക്കുറി വിൽപ്പനക്കാരുടെയും ഏജന്റ്മാരുടെയും ക്ഷേമനിധി ബോർഡ് ചെയർമാനായ പി.ആർ.ജയപ്രകാശാണ് സൊസൈറ്റിയുടെ പ്രസിഡണ്ട്. ലോട്ടറി ക്ഷേമനിധി ബോർഡിന്റെ നിയമമനുസരിച്ച് ഒരു സൊസൈറ്റിക്കും ക്ഷേമനിധി അംഗത്വം ലഭിക്കില്ല എന്നിരിക്കെ പ്രസ്തുത സൊസൈറ്റിക്ക് ലോട്ടറി ടിക്കറ്റ് നൽകുന്നത് നിയമ വിരുദ്ധമാണ്. സൊസൈറ്റി എടുത്ത ടിക്കറ്റുകൾ തൊഴിലാളികൾക്കാണോ നൽകിയിരുന്നത് അതോ വൻകിട കച്ചവടക്കാർക്ക് മറിച്ച് വിറ്റോ എന്നതും പരിശോധിക്കണം. വിൽക്കാതെ മിച്ചം വന്ന ടിക്കറ്റുകൾക്ക് പ്രൈസ് അടിച്ചിട്ടുണ്ടോ, സമ്മാനം സൊസൈറ്റിക്ക് ലഭിച്ചോ, ടിക്കറ്റ് എടുക്കുമ്പോൾ വാർഷിക നികുതി ആനുകൂല്യമായ ടി.സി.എസ് എങ്ങോട്ട് പോയി എന്നതടക്കമുള്ള നിരവധി കാര്യങ്ങൾക്ക് പി.ആർ.ജയപ്രകാശ് മറുപടി പറയണം. അദ്ദേഹം ക്ഷേമനിധിബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കണം. ശാരീരിക അവശതകൾമൂലം പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന് മാന്യമായ തൊഴിലും വരുമാനവും നൽകുക, അതിലൂടെയുണ്ടാവുന്ന വരുമാനം നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക എന്ന സർക്കാർ കാഴ്ചപ്പാടാണ് അട്ടിമറിക്കപ്പെടുന്നത്. ലജീവ് വിജയൻ, എം.പി.ജനാർദ്ദനൻ, എം.കെ.ബീരാൻ, കെ.എം.എ.അമീർ പങ്കെടുത്തു.