കോഴിക്കോട്: എ.കെ.ജി,സി.എച്ച് മേൽപ്പാലങ്ങളുടെ കേടുപാടുകൾ സംബന്ധിച്ച് വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ഉടൻ പുനരുദ്ധാരണ നടപടികൾ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഢി.പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം.കെ.എച്ച്.ആർ.ഐ, ഐ.ഐ.ടി മദ്രാസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം നേരിട്ടെത്തി ഇരു പാലങ്ങളും സന്ദർശിച്ച് വിശദപഠനം നടത്തിവരികയാണ്. പഠന റിപ്പോർട്ട് ലഭിച്ച ഉടൻ പാലങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കും.സി.എച്ച് ഓവർ ബ്രിഡ്ജിന്റെ അടിഭാഗത്ത് കോർപ്പറേഷന്റെ അധീനതയിലുള്ള കടകളും കെട്ടിടങ്ങളും ഉള്ളതിനാൽ സമയാസമയങ്ങളിൽ പാലം പരിശോധന നടത്താൻ സാധിക്കുന്നില്ലെന്നും പുനരുദ്ധാരണം നടത്തണമെങ്കിൽ ഇവ നീക്കം ചെയ്യണമെന്നും സൂപ്രണ്ടിങ് എൻജീനിയർ യോഗത്തിൽ അറിയിച്ചു. ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ മന്ത്രി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. പാലങ്ങളുടെ നിലവിലെ അവസ്ഥയെ കുറിച്ച് യോഗം വിലയിരുത്തുകയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പാലങ്ങളുടെ ചിത്രം ഉൾപ്പെടുന്ന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് ചീഫ് എൻജിനീയർ എസ്. മനോ മോഹൻ, സൂപ്രണ്ടിങ് എൻജിനീയർ പി.കെ മിനി, എക്സിക്യൂട്ടീവ് എൻജിനീയർ ബെന്നി ജോൺ, കെ.എച്ച്.ആർ.ഐ ജോയിന്റ് ഡയറക്ടർ ജോസഫ്, കെ.എച്ച്.ആർ.ഐ ഡെപ്യൂട്ടി ഡയറക്ടർ സോണി ജെ.എസ്.ഡി, ബ്രിഡ്ജ് കോഴിക്കോട് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബൈജു പി.ബി, അസിസ്റ്റന്റ് എൻജിനീയർ അമൽജിത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.