കെ.രാമചന്ദ്രൻ ഒറ്റക്കവിതാ പുരസ്‌ക്കാരം കവി ശാന്തന്

നൂറനാട്: അൻപതുവർഷം നൂറനാട് ഗ്രാമത്തിൽ സുരേഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സ് എന്ന സ്ഥാപനം നടത്തി ജനങ്ങൾക്ക് പ്രിയങ്കരനായിരുന്ന ടൈപ്പ്മാസ്റ്റർ കെ.രാമചന്ദ്രന്റെ പേരിൽ ശിഷ്യന്മാരും ബന്ധുമിത്രാദികളും ചേർന്ന് നൽകുന്ന ഒറ്റക്കവിതാ അവാർഡിന് കവി ശാന്തന്റെ ‘നീലധാര’ എന്ന കവിത അർഹമായി. ഭാഷാപോഷിണി സാഹിത്യ മാസികയിൽ വന്ന ‘നീലധാര’ എന്ന കവിതയ്ക്കാണ് അവാർഡ് .
ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്ന കലാമൂല്യമുള്ള ശ്രദ്ധേയമായ ഒരു കവിതയ്ക്ക് വർഷത്തിൽ 5555 രൂപയും ശില്പവുമാണ് അംഗീകാരമായി നൽകുന്നതെന്ന് കെ.രാമചന്ദ്രന്റെ മകനായ ഡോ. സുരേഷ് നൂറനാട് പറഞ്ഞു.
ഡിസംബർ 5-ന് നൂറനാട്ട് നടക്കുന്ന കെ. രാമചന്ദ്രൻ അനുസ്മരണ ചടങ്ങിൽ വെച്ച് അവാർഡ് നൽകും. അവാർഡ് ജേതാവായ കവി ശാന്തൻ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ റേഡിയോ തെറാപ്പി വിഭാഗത്തിൽ ടെക്‌നിക്കൽ ഓഫീസറാണ്. അർബുദ ചികിത്സാരംഗത്ത് സ്‌നേഹത്തിന്റേയും മനുഷ്യത്വത്തിന്റേയും മുഖമായ ശാന്തൻ കലാകൗമുദിയിൽ പ്രസിദ്ധീകരിക്കുന്ന ‘അനുഭവം ‘എന്ന പംക്തിയിലൂടെ പ്രശസ്തനാണ്. മഴയിൽ ബൈക്ക് ഓടിക്കുമ്പോൾ,
സുവർണ്ണചകോരത്തിന്റെ കഥ എന്നീ പുസ്തകങ്ങൾ അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മഴയിൽ ബൈക്ക് ‘ എന്ന കവിതാ സമാഹാരത്തിന് യുവകവികൾക്കുള്ള ആശാൻ പ്രൈസ് ലഭിച്ചിരുന്നു. തനിമ കവിത അവാർഡ്, കെ. രവീന്ദ്രൻ നായർ സ്മാരകപുരസ്‌ക്കാരം ശാന്തന് ലഭിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം സ്വദേശിയാണ്്.

Share

Leave a Reply

Your email address will not be published. Required fields are marked *