കോഴിക്കോട്: ലോകത്ത് നടന്നിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ സമരമാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്ന കർഷക സമരം. ജനാധിപത്യത്തെ കാറ്റിൽ പറത്തി പാർലമെന്റിൽ ചുട്ടെടുത്ത 3 കർഷക നിയമങ്ങൾ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് കൈയ്യടക്കാൻ വേണ്ടിയാണെന്ന് സംയുക്ത കർഷ സമിതി ആരോപിച്ചു. കർഷകരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ കർഷക പോരാട്ടം തുടരുക തന്നെ ചെയ്യും. ദേശീയ കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സെപ്റ്റംബർ 27ന് തിങ്കളാഴ്ച ഭാരത ബന്ദ് നടക്കുകയാണ്. ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 25ന് ശനിയാഴ്ച വൈകിട്ട് 4 മണിമുതൽ 6 മണിവരെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിക്കും. സെപ്റ്റംബർ 26ന് ഞായറാഴ്ച വൈകിട്ട് എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്തും.
ബന്ദ് ദിവസം കാലത്ത് 10മണിക്ക് ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും കർഷക തൊഴിലാളി ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. പി.വിശ്വൻ മാസ്റ്റർ കേരള കർഷക സംഘം സംസ്ഥാന ജോ.സെക്രട്ടറി,ടി.കെ.രാജൻ മാസ്റ്റർ കിസാൻ സഭ ജില്ലാ സെക്രട്ടറി, സി.പി.അബ്ദുറഹിമാൻ നാഷണലിസ്റ്റ് കിസാൻ ലീഗ് ജില്ലാ ജന.സെക്രട്ടറി, യു.പി.അബൂബക്കർ കിസാൻ യൂണിയൻ ജില്ലാ സെക്രട്ടറി, ടി.വി.വിജയൻ സി.പി.ഐ(എം.എൽ) റെഡ് ഫ്‌ളാഗ് കർഷക സംഘം ജില്ലാ സെക്രട്ടറി എന്നിവർ പങ്കെടുത്തു.