കോഴിക്കോട്: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസ്സായതിനുശേഷം കേരള സർക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ ഒക്ടോബർ 31നകമോ പുതിയ കോഴ്‌സിൽ ചേർന്ന് 45 ദിവസത്തിനകമോ ബോർഡിന്റെ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. സ്ഥാപന മേലാധികാരി അപേക്ഷ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷയോടൊപ്പം അംഗത്വ കാർഡിന്റെയും ആധാർ കാർഡിന്റെയും പകർപ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം, ഐഎഫ്എസ്സി കോഡ് സഹിതം ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവയും ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. നിശ്ചിത തിയ്യതിക്കുശേഷം ലഭിക്കുന്നതും തെറ്റായ വിവരങ്ങൾ നൽകിയിട്ടുള്ളതുമായ അപേക്ഷകളിൽ ആനുകൂല്യം അനുവദിക്കില്ല. ഫോൺ 04952378480.