കോഴിക്കോട്: മജ്ജമാറ്റിവെക്കൽ ചികിത്സാ രംഗത്ത് ഉത്തര കേരളത്തിലാദ്യമായി ടോട്ടൽബോഡി ഇറാഡിയേഷൻ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെൽ ട്രാൻസ്പ്ലാന്റ് കോഴിക്കോട് ആസ്റ്റർ മിംസിൽ നടന്നു. രക്താർബുദബാധിതനായ 13 വയസ്സുകാരനാണ് അപൂർവ്വമായ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
വിദേശത്ത് സ്ഥിരതാമസമാക്കിയ മലപ്പുറം സ്വദേശികളായ ദമ്പതികളുടെ 13 വയസ്സുകാരനായ കുഞ്ഞ് ഏതാനും വർഷങ്ങൾക്ക് മുൻപാണ് രക്താർബുദ ബാധിതനായത്. അവിടെവെച്ച് നടന്ന ചികിത്സയിൽ രോഗം കുറയുകയും പിന്നീട് തിരികെ വീണ്ടു വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് മജ്ജമാറ്റിവെക്കൽ അനിവാര്യമായി മാറിയത്. നിലവിൽ ശരീരത്തിലുള്ള മുഴുവൻ മജ്ജയും നശിപ്പിച്ച ശേഷം പുതിയ മജ്ജ സന്നിവേശിപ്പിച്ചാൽ മാത്രമേ അസുഖം പൂർണ്ണമായും ഭേദമാക്കുവാൻ സാധിക്കുകയുള്ളൂ. പൊതുവെ സാധാരണ കീമോതെറാപ്പി നൽകി മജ്ജ കരിച്ച് കളയുന്ന രീതിയാണ്അ അവലംബിക്കാറുള്ളത്. മികച്ച റിസൽട്ട് ലഭ്യമാകണമെങ്കിൽ ടോട്ടൽ ബോഡി ഇറാഡിയേഷനിലൂടെ ശരീരത്തിലെ മജ്ജ മുഴുവനായും ഇല്ലാതാക്കുന്നതാണ് നല്ലതെന്നും ചികിത്സിച്ച പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ.കേശവൻ, റേഡിയോ ഓങ്കോളജിസ്റ്റ് ഡോ.സതീഷ് പത്മനാഭനും മെഡിക്കൽ ടീമും തീരുമാനിക്കുകയായിരുന്നു.
ട്രൂ ബീം മെഷീന്റെ സഹായത്തോടെയാണ് ടോട്ടൽ ബോഡി ഇറാഡിയേഷൻ നിർവ്വഹിച്ചത്. രാവിലെയും വൈകുന്നേരവുമായി 2 സെഷൻ വീതം 4 ദിവസം തുടർച്ചയായാണ് മെഡിക്കൽ ഫിസിസ്‌ററിന്റെ നേതൃത്വത്തിൽ ടോട്ടൽ ബോഡി ഇറാഡിയേഷൻ നടത്തിയത്. മജ്ജമാറ്റിവെക്കൽ പൂർത്തീകരിച്ച ശേഷം കുഞ്ഞ് ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണെന്ന് ചികിത്സക്ക് നേതൃത്വം നൽകിയ ഡോ.കേശവൻ പറഞ്ഞു. ഡോ.മുഹമ്മദ് അബ്ദുൽ മാലിക്(കൺസൽട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ്), ഡോ.രാമകൃഷ്ണൻ(സീനിയർ കൺസൽട്ടന്റ് റേഡിയോളജിസ്റ്റ്), ഡോ.പ്രതിഭ(ട്രാൻസ് ഫ്യൂഷൻ കൺസൽട്ടന്റ്), ഡോ.സതീഷ്‌കുമാർ, ഡോ.മഞ്ജുള തുടങ്ങിയ ഡോക്ടർമാരും നേതൃത്വം നൽകിയെന്ന് സി.ഇ.ഒ ഫർഹാൻ യാസീനും, ഡോ.ഗംഗാധരനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.