കോഴിക്കോട്: തലമുറയെ ആകെ നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയക്ക് എതിരെ ജാതി മത കക്ഷി രാഷ്ട്രീയ ഭിന്നതകൾ മറന്നു സമൂഹം ഒറ്റക്കെട്ടായി പൊരുതണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് അഡ്വ.തമ്പാൻ തോമസ് മുൻ എം.പി പറഞ്ഞു. മയക്കു മരുന്ന് ഉപയോഗിച്ച് സ്ത്രീകളെ വശത്താക്കി മതപരിവർത്തനം നടത്തുന്നതിനെക്കുറിച്ച് പാല ബിഷപ്പിന് അറിവ് ലഭിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം പ്രസ്തുത വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി അത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കയാണ് വേണ്ടത്. വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കി വർഗീയ ഫാസിസ്റ്റുകൾക്കു ചൂഷണം ചെയ്യാൻ അവസരമുണ്ടാക്കരുത്. സമൂഹത്തിൽ സൗഹാർദ്ദ അന്തരീക്ഷം നിലനിർത്താൻ എല്ലാവരും ശ്രദ്ധിക്കണം.
ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് എതിരെ പൊതുസ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ആഗസ്റ്റ് 29ന് ഡൽഹിയിൽ കോൺസ്റ്റിറ്റിയൂഷൻ ഹാളിൽ ചേർന്ന വിവിധ സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളുടെ യോഗം ഇതിന്റെ ആദ്യപടിയാണ്. ഉത്തർപ്രദേശിൽ ബി എസ് പിയും സമാജ്‌വാദി പാർട്ടിയുമായി ചില പ്രശ്‌നങ്ങൾ ഉണ്ട്. അത് ചർച്ചകൾ വഴി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായും സോഷ്യലിസ്റ്റ് ഏകീകരകണ സമിതി ദേശീയ കൺവീനർ കൂടിയായ തമ്പാൻ തോമസ് വ്യക്തമാക്കി. മോഡി ഭരണത്തിൽ രാഷ്ട്രം സമസ്ത മേഖലകളിലും അധപതിച്ചു. രണ്ടോ മൂന്നോ കോർപ്പറേറ്റ് കമ്പനികൾക്കുവേണ്ടി രാജ്യത്തെ കൊള്ളയടിക്കുകയാണ്. ഇതിനെതിരെയുള്ള ജനകീയ പ്രതിഷേധത്തിന്റെ വ്യക്തമായ തെളിവാണ് മാസങ്ങളായി തുടരുന്ന കർഷക പ്രക്ഷോഭം. ബി ജെ പി അനുകൂല കർഷക സംഘടനകൾ പോലും സമരത്തെ അനുകൂലിക്കുമ്പോൾ ആർക്കു വേണ്ടിയാണ് കർഷകരോട് യുദ്ധം ചെയ്യുന്നത് എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം. കർഷകരോടൊപ്പം പുതിയ തൊഴിൽ നിയമങ്ങൾ വഴി മുതലാളിമാരുടെ അടിമകളാക്കപ്പെട്ട തൊഴിലാളികളും തൊഴിൽ ഇല്ലാത്ത യുവാക്കളും പങ്കുചേരും. ഇതിന്റെ സൂചനയാണ് സെപ്റ്റംബർ 27ന് നടക്കുന്ന ദേശീയ പ്രതിരോധം.സോഷ്യ്‌ലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു വരികയാണ്. സെപ്റ്റംബർ 25,26 തിയതികളിൽ മഹാരാഷ്ടരയിലെ വാർദ്ധയിൽ നടക്കുന്ന സോഷ്യലിസ്റ്റ് പാർട്ടി ദേശീയ സമ്മേളനം യോജിച്ച പ്രക്ഷോഭങ്ങൾക്ക് രൂപം നൽകും. കേരളത്തിൽ നിന്നു 45 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഒക്ടോബർ 23 മുതൽ 25വരെ ആലുവയിൽ നടക്കുന്ന ദേശീയ സോഷ്യലിസ്റ്റ് കോൺക്ലേവിൽ എൻ ഡി എ ഇതര പാർട്ടി മുഖ്യമന്ത്രിമാരും വിവധ പാർട്ടികളുടെ ദേശീയ നേതാക്കളും പങ്കെടുക്കും. എൻ ഡി എ ക്കു എതിരെ ശക്തമായ ദേശീയ ബദൽ ഈ സമ്മേളനത്തിൽവെച്ച് രൂപം കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.