കോഴിക്കോട്: മാധ്യമ സ്വാതന്ത്ര്യം എന്നത് വേറിട്ട് നിൽക്കുന്ന ഒന്നല്ലെന്നും നാട്ടിൽ സ്വാതന്ത്ര്യമുണ്ടാകുമ്പോഴാണ് മാധ്യമ സ്വാതന്ത്ര്യവും യാഥാർത്ഥ്യമാകുന്നതെന്നും, സത്യവും വസ്തുതയും ജനങ്ങളിലെത്തിക്കലാണ് മാധ്യമ ധർമ്മമെന്നും സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. സ്വാതന്ത്ര്യം എപ്പോഴാണോ അപകടത്തിലാകുന്നത് അപ്പോഴെല്ലാം മാധ്യമ സ്വാതന്ത്ര്യവും അപകടത്തിലാകും. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും, ജനാധിപത്യത്തിനുമെതിരെ നടക്കുന്ന കയ്യേറ്റങ്ങൾ മാധ്യമങ്ങൾ ചെറുക്കണം. മാധ്യമങ്ങൾ ജനങ്ങളുടെ പക്ഷത്ത് നിൽക്കണം. ഇത് ആലങ്കാരികമായി പറയേണ്ട വാക്കുകളല്ലെന്ന് അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബ് സെക്രട്ടറിയും മാധ്യമം ന്യൂസ് എഡിറ്ററുമായിരുന്ന എൻ.രാജേഷിന്റെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് സ്മാരക ട്രസ്റ്റ് കെ.പി.കേശവ മേനോൻ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ മാധ്യമം, സമൂഹമാധ്യമം, അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21-ാം നൂറ്റാണ്ടിന്റെ പ്രത്യേകത മാസ് മീഡിയകളുടെ കടന്നു വരവാണ് പത്രങ്ങൾ അപ്രമാദികളായി ഏറെ കാലം നിലനിന്നു. സമൂഹ മാധ്യമങ്ങൾ വന്നതോടുകൂടി ടെലിവിഷന് അകാല വാർദ്ധക്യം വന്നു. പത്രങ്ങളെക്കാൾ ക്ഷീണം ദൃശ്യ മാധ്യമങ്ങൾക്കാണ് സംഭവിച്ചിട്ടുള്ളത്. തെറ്റായ വിവരങ്ങളുടെ വ്യാപനവും നവ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുകയാണ്. സിറ്റിസൺ, നെറ്റിസൺ(ഇന്റർനെറ്റിൽ വ്യാപരിക്കുന്ന മനുഷ്യൻ) ആയി മാറിയിട്ടുണ്ട്. മുൻപ് അച്ചടിക്കുന്നതെല്ലാം സത്യമാണെന്നായിരുന്നു വെയ്പ്. ദൃശ്യമാധ്യമങ്ങളിൽ കാണുന്നതെല്ലാം സത്യമാണെന്നു കരുതി. എന്നാൽ സാങ്കേതികതയിലൂടെ അസത്യങ്ങളേയും അർദ്ധ സത്യങ്ങളേയും സത്യങ്ങളായി പ്രചരിപ്പിക്കുകയാണ്. പെയ്ഡ് ന്യൂസും, ഫെയ്ക് ന്യൂസും അപകടം തന്നെയാണ്. മൂലധന ശക്തികൾക്ക് വേണ്ടി അസത്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റർ എന്നിവയിലെല്ലാം വാർത്തകൾ മാനിപുലേഷന് വിധേയമാകുന്നു. ഇന്ത്യയിലിന്ന് മൂലധന ശക്തികളുടെ സുഖശയ്യയിലാണ് ഭൂരിപക്ഷം മാധ്യമങ്ങളും കിടക്കുന്നത്. ഇറാഖ് യുദ്ധകാലത്ത് ലോകത്തിലെ പ്രമുഖ വാർത്താ എജൻസികളുടെ പ്രതിനിധികൾ അമേരിക്ക-ബ്രിട്ടീഷ് പട്ടാളക്കാരുടെ കൂടെപോയി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. അവർ കാണിച്ചുകൊടുത്ത വാർത്തകളും ചിത്രങ്ങളുമാണ് ലോകം കണ്ടത്. യുദ്ധം വിൽപ്പന ചരക്കാക്കിയതും ഭീതിതമായ രംഗങ്ങൾ കാഴ്ചയുടെ പൂരമാക്കിയതും ഇക്കാലത്താണ്. ഭീകര ദൃശ്യങ്ങൾ ആസ്വദിക്കുന്നത് ഹരമായി മാറുകയാണ്. താലിബാനെ സൃഷ്ടിച്ചത് അമേരിക്കയും ബ്രിട്ടനുമാണെന്ന് ലോക പ്രശസ്ത മാധ്യമ പ്രവർത്തകർ എഴുതിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ പ്രാധാന്യം മനസ്സിലാക്കി ഒരുലക്ഷം മുജാഹിദ് ഗറില്ലകളെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിച്ച് അർത്ഥവും ആയുധവും നൽകി ഡോ.നജീബുള്ളയെ കൊലപ്പെടുത്തിയതും ചിലിയിൽ അമേരിക്ക നടത്തിയ അട്ടിമറിയും ചരിത്രം വിസ്മരിക്കില്ല. ബാബരി മസ്ജിദ് തകർന്നപ്പോൾ തർക്ക മന്ദിരം തകർന്നു എന്നെഴുതിയ റിപ്പേർട്ട് തിരുത്തി തകർന്നത് ബാബരി മസ്ജിദാണെന്ന് എഴുതിയ എഡിറ്റർമാരാണ് നമുക്കാവശ്യം. ലോകത്ത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ 142-ാമത്തെ സ്ഥാനമാണ് ഇന്ത്യക്ക്. മതനിരപേക്ഷതക്ക് ഭീഷണി ഉയർത്തുന്ന പരസ്പരം സ്പർദ്ദ ഉണ്ടാക്കുന്ന, നടപടികൾ ആരിൽ നിന്നും ഉണ്ടാകരുത്. ഇന്ത്യയിൽ വർഗ്ഗീയതയുടെ വിഷലിപ്തമായ പ്രചരണമാണ് നടക്കുന്നത്. മതനിരപേക്ഷതയുടെ അടിത്തറ തകർക്കാൻ മൂലധന ശക്തികളും ഭരണാധികാരികളും നടത്തുന്ന ശ്രമങ്ങളെ നാം തിരിച്ചറിയണം. ഭരണാധികാരികൾ ഏതെങ്കിലും ഒരു മതത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നത് ഭൂഷണമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ട്രസ്റ്റ് ചെയർമാൻ എം.ഫിറോസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. കമാൽ വരദൂർ സ്വാഗതം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി.റജി അനുസ്മരണ പ്രഭാഷണം നടത്തി. സി.എം.ഐ.പബ്ലിക് സ്‌കൂൾ ദേവഗിരി പ്രിൻസിപ്പാൾ ഫാ.ജോണി കാഞ്ഞിരത്തിങ്കൽ, എൻ.പി.രാജേന്ദ്രൻ,മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.ജെ.ജോഷ്വ, ഫ്രാൻസിസ് സംസാരിച്ചു. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.എസ്.രാകേഷ് നന്ദി പറഞ്ഞു.