പ്രത്യാശാ നിർഭരമായ കാലം സമാഗതമാകട്ടെ!

ഓരോ ഓണക്കാലവും ഓടിയണയുന്നത് സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും പൂക്കുടന്നയുമായാണ്. ഇക്കുറിയും പതിവ് മാറ്റങ്ങളില്ലാതെ ഓണ സ്മൃതികൾ നമ്മിലേക്കണയുകയാണ്. ലോകമാകെ പടർന്ന കൊറോണയുടെ കൈപ്പിടിയിൽ നാം പെട്ടിട്ട് ഏതാണ്ട് ഒന്നരകൊല്ലമായിരിക്കുന്നു. കഴിഞ്ഞ ഓണക്കാലവും കൊറോണക്കിടയിലൂടെയാണ് നാം കടന്നുപോയത്. ചൈനയിലെ വുഹാനിൽ തുടങ്ങിയ ഈ വൈറൽ രോഗം ലോകമെമ്പാടുമുള്ള വിലമതിക്കാനാവാത്ത ഒട്ടേറെ ജീവിതങ്ങളെയാണ് പൊലിച്ചത്. രോഗം ബാധിച്ചവരും ഭേദമായവരും കോടിക്കണക്കിനാണ്. കഴിഞ്ഞ ഓണം നാം ആഘോഷിക്കുമ്പോൾ കൊറോണയ്ക്ക് മരുന്ന് ലഭ്യമല്ലായിരുന്നു. എന്നാലീ ഓണക്കാലമാകുമ്പോഴേക്കും വാക്‌സിൻ നല്ല രൂപത്തിൽ ജനങ്ങൾക്ക് ലഭ്യമായി എന്നത് ആശ്വാസകരം തന്നെയാണ്. നമ്മുടെ രാജ്യത്തും, സംസ്ഥാനത്തും വാക്‌സിനേഷൻ ദ്രുതഗതിയിൽ നടക്കുന്നുണ്ട്. വാക്‌സിൻ ലഭിക്കുന്നതിലൂടെ രോഗഭീഷണിയെ ചെറുക്കാൻ സാധിക്കുന്നതായി കണ്ടുവരുന്നുണ്ട്. കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരടക്കമുള്ളവരെ നമുക്കഭിവാദ്യം ചെയ്യാം.
ജനതയുടെ ആരോഗ്യകരമായ ജീവിതം ഉറപ്പുവരുത്തുന്നതിൽ ഭരണകൂടങ്ങൾക്കുള്ള ഉത്തരവാദിത്തമാണ് കൊറോണക്കാലം വിളിച്ചോതുന്നത്. ആരോഗ്യമേഖലയിൽ ഭാവിയിൽ ഉയർന്നുവരാനിടയുളള വെല്ലുവിളികളെയടക്കം ചെറുക്കാൻ പര്യാപ്തമായ ഗവേഷണ കേന്ദ്രങ്ങൾ സജ്ജമാകണം. കൊറോണ തകർത്തെറിഞ്ഞത് മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയുമാണ്. കൊറോണക്കെതിരായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതോടൊപ്പംതന്നെ ജനജീവിതം തിരിച്ചുപിടിക്കാനുള്ള നടപടികളും വൈകിക്കൂടാ! പ്രവാസ ലോകത്തും കൊറോണ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. നിരവധി പ്രവാസികളാണ് വിദേശങ്ങളിൽ രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്. ഏതാണ്ട് 14 ലക്ഷത്തോളം പ്രവാസി മലയാളികളാണ് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയിട്ടുള്ളത്. ഇവരുടെ മടങ്ങിപ്പോക്ക്, പുനരധിവാസം എന്നിവയിലെല്ലാം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടുന്നത് പ്രതീക്ഷാ നിർഭരമാണ്. പ്രവാസ ലോകത്തേക്ക് മടങ്ങാൻ താൽപര്യമില്ലാത്തവരുടെ കഴിവുകൾ നാട്ടിൽതന്നെ ഫലപ്രദമായി ഉപയോഗിക്കുവാൻ അധികാരികൾ കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിക്കണം.
ലോകത്താകമാനം വരുന്ന മാറ്റങ്ങൾ വിലയിരുത്തി നമ്മുടെ നാടിനെയും പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ച് മുന്നോട്ട് നയിക്കാൻ യോജിച്ച ഇടപെടലിന് തയ്യാറാകണം. പ്രജകളുടെ ക്ഷേമത്തിന് വേണ്ടി മാത്രം നാട് ഭരിച്ച മാവേലി തമ്പുരാന്റെ ഓർമ്മകളാണ് ഓണം. ആ സങ്കൽപ്പത്തിലുള്ള നാട് പുനർനിർമ്മിക്കാനാണ് വർത്തമാനകാല ലോകം ഭരണാധികാരികളോട് ആവശ്യപ്പെടുന്നത്. നീതിയും,സത്യവും, സമത്വവും പുലരുന്നതിൽ ജാഗ്രതയും അത് നാടിന്റെ മുഖലക്ഷണവുമായി മാറണം. പ്രതിസന്ധികളുടെ കാർമേഘങ്ങപു വഴിമാറുന്ന ഒരു നല്ല കാലത്തിന്റെ തുടക്കമായി ഈ ഓണക്കാലം മാറുമെന്ന് പ്രത്യാശിക്കാം പീപ്പിൾസ്‌റിവ്യൂവിന്റെ മാന്യ വായനക്കാർക്ക് പൊന്നോണാശംസകൾ നേരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *