ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യരുത്

ലോക ചരിത്രത്തിലെ ആവേശോജ്വലമായ യാഥാർത്ഥ്യമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടത്തിന് സമാനതകളില്ല. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അഹിംസാ മാർഗ്ഗത്തിലൂടെ ജനങ്ങളെ അണിനിരത്തിയാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. ഇത്തരത്തിൽ രക്തരഹിതമായ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം നേടിയ ചരിത്രം ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടില്ല. കോൺഗ്രസ്സ് പ്രസ്ഥാനവും ജവഹർലാൽ നെഹ്‌റുവും ഈ പോരാട്ടത്തിൽ ഗാന്ധിജിക്കൊപ്പമായിരുന്നു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ 9 വർഷക്കാലമാണ് പണ്ഡിറ്റ്ജിക്ക് ജയിൽവാസമനുഷ്ഠിക്കേണ്ടി വന്നത്. തികഞ്ഞ മതേതരവാദിയായ നെഹ്‌റു സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായി. രാഷ്ട്രത്തിനായി അദ്ദേഹവും ടീമംഗങ്ങളും നടത്തിയ ദീർഘവീക്ഷണത്തോടുകൂടിയ പ്ലാനിംഗാണ് ഇന്നത്തെ ഇന്ത്യയുടെ വളർച്ചയുടെ അടിത്തറയെന്ന് നിസ്സംശയം പറയാം. ആധുനിക ഭാരതത്തിന്റെ ശിൽപിയാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള അമൃത് മഹോത്സവത്തിന്റെ പോസ്റ്ററിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയിയിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലായ ഐസിഎച്ച്ആർ ആണ് പോസ്റ്റർ തയ്യാറാക്കിയത്. ഈ നടപടി വ്യാപക പ്രതിഷേധത്തിനും, വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഇത്തരം തെറ്റായ ശൈലികളിൽ നിന്ന് ഐസിഎച്ച്ആർ വിട്ടു നിൽക്കണം. നെഹ്‌റുവിന്റെ പങ്ക് അവഗണിച്ച നടപടി തെറ്റുതന്നെയാണ്. രാജ്യത്ത് വിവാദമുണ്ടാക്കലല്ല സർക്കാർ സംവിധാനങ്ങളുടെ ജോലി. ഭരണ രംഗത്ത് രാഷ്ട്രീയ പാർട്ടികൾ മാറിമാറി വരും. അത് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്താണ്. എന്നാൽ അധികാരത്തിൽ വരുന്നവരുടെ ഇംഗിതം നോക്കി ചരിത്രമെഴുതാനും, തെറ്റായ നടപടികൾ അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ചരിത്രം കൃത്യമായി നിർമ്മിച്ചവരെല്ലാം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ തള്ളപ്പെട്ടതും ചരിത്രം തന്നെയാണ്. യാഥാർത്ഥ്യങ്ങൾ, സത്യം അത് കാലാതിവർത്തിയായി നിലനിൽക്കുകതന്നെ ചെയ്യും.
1929ൽ നെഹ്‌റു അദ്ധ്യക്ഷത വഹിച്ച ലാഹോർ സമ്മേളനത്തിലാണ് സമ്പൂർണ സ്വാതന്ത്ര്യമെന്ന ചരിത്രപരമായ നയം കോൺഗ്രസ്സ് കൈക്കൊണ്ടത്. ഇതിനെ തുടർന്നാണ് രാജ്യത്താകമാനം സ്വാതന്ത്ര്യ സമരം ശക്തിപ്പെട്ടത്. ഐസിഎച്ച്ആർ ന്റെ നടപടി വിവാദമായപ്പോൾ നെഹ്‌റുവിനെ ഒഴിവാക്കിയതല്ലെന്നും തുടർ പോസ്റ്ററിൽ അദ്ദേഹത്തിന്റെ പടം വരുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ പ്രഥമ പ്രധാനമന്ത്രിയെ ഒഴിവാക്കിയ പോസ്റ്ററിൽ തങ്ങൾക്കിഷ്ടമുള്ളവരുടെ പടം ഉൾപ്പെടുത്തിയിട്ടുണ്ട്.
സമീപകാലത്ത് ഐസിഎച്ച്ആർന്റെ നടപടികൾ വിവാദം സൃഷ്ടിക്കുകയാണ്. 1921ലെ മാപ്പിള ലഹളയോടുള്ള നിലപാടും ഇതിനകം വിവാദമായിട്ടുണ്ട്. ചരിത്രം തങ്ങൾക്കിഷ്ടമുള്ളതുപോലെ വ്യാഖ്യാനിക്കാനും, സർക്കാർ സംവിധാനമുപയോഗിച്ച് പ്രചരിപ്പിക്കാനും ആര് ശ്രമിച്ചാലും അത് ഭൂഷണമല്ല. പണ്ഡിറ്റ്ജിയുടെ നാമം സ്വാതന്ത്ര്യ സമര ചരിത്രത്തിലും, ആധുനിക ഭാരതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും അനശ്വരമായി നിലകൊള്ളുക തന്നെചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *