കോഴിക്കോട്: മർക്കസിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മർകസ് അലുംനിയുടെ മൂന്നാമത് കൗൺസിൽ സംഗമം 30ന് തിങ്കൾ 9 മണിക്ക് കോവിഡ് മാനദണ്ഡം പാലിച്ച് മർക്കസ് നോളഡ്ജ് സിറ്റിയിൽ നടക്കും. മർക്കസ് ജനറൽ മാനേജരായി 35 വർഷം പൂർത്തിയാക്കിയ സി.മുഹമ്മദ് ഫൈസിയെ ചടങ്ങിൽ ആദരിക്കും. മർകസ് മുസല്ല പദ്ധതിയിലേക്ക് സംഘടന സമാഹരിച്ച ഒരുകോടി രൂപ കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർക്ക് കൈമാറും. വിവിധ സെഷനുകളിലായി ഉൽഘാടനം, ഡെലിഗേറ്റ് അസംബ്ലി, സൂഫി ഗസൽ, അവാർഡ് സെറിമണി നടക്കും. കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ, പി.ടി.എ റഹീം എം.എൽഎ, കെ.പി.രാമനുണ്ണി, സി.മുഹമ്മദ്‌ഫൈസി, അബ്ദുൽ ഹക്കീം അസ്ഹരി പങ്കെടുക്കും. കെ.എം.ബഷീർ സ്മാരക മാധ്യമ അവാർഡ്, ചടങ്ങിൽ വെച്ച് ജലീൽ കണ്ണമംഗലത്തിന് സമ്മാനിക്കും. അന്താരാഷ്ട്ര രംഗത്ത് കഴിവ് തെളിയിച്ച അംഗങ്ങൾക്ക് മെമന്റോ സമ്മാനിക്കും. മർക്കസിന്റെ വിവിധ സ്ഥാപനങ്ങളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളാണ് ഓൺലൈനായും ഓഫ്‌ലൈനായും നടക്കുന്ന പ്രോഗ്രാമിൽ സംബന്ധിക്കുന്നത്. പത്രസമ്മേളനത്തിൽ മർകസ് അലുംനി വൈസ് പ്രസിഡന്റ് സയ്യിദ് സ്വാലിഹ് അൽജിഫ്രി, സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ ജൗഹർ കുന്നമംഗലം, കൺവീനർ സി.കെ.മുഹമ്മദ് ഇരിങ്ങണ്ണൂർ, ട്രഷറർ ഇല്യാസ് സീനത്ത്, മർകസ് അലുംനി അസി.സെക്രട്ടറി അഷ്‌റഫ് അരയങ്കോട് സംബന്ധിച്ചു.