കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും ഗവ.ടി.ടി.ഐകളും, ബിഎഡ് കോളേജുകളും എൻ സി ടി ഇയുടെ അംഗീകാരമില്ലാത്ത കോഴ്‌സുകൾ നടത്തി വിദ്യാർത്ഥികളെ വഞ്ചിക്കുകയാണെന്നും, ഇത്തരം കോഴ്‌സുകൾ പാസാകുന്നവർക്ക് സംസ്ഥാനത്തിന് പുറത്തും, വിദേശത്തും അധ്യാപന ജോലിയിൽ ഏർപ്പെടാൻ സാധിക്കില്ലെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൻ.സി.ടി.ഇ നിഷ്‌ക്കർഷിക്കുന്ന മാനദണ്ഡം പാലിക്കാത്തതിനാലാണ് കോഴ്‌സുകളുടെ അംഗീകാരം നഷ്ടപ്പെട്ടത്. ഈ വിവരം മറച്ചുവെച്ചാണ് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുന്നത്. ഈ വർഷം മുതൽ അഡ്മിഷൻ നടത്തരുതെന്നാണ് എൻ.സി.ടി.ഇ സതേൺ റീജ്യണൽ കമ്മിറ്റി ഉത്തരവിട്ടുള്ളത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ 11 ടീച്ചേഴ്‌സ് എഡ്യുക്കേഷൻ സെന്ററുകളിൽ മാനദണ്ഡപ്രകാരമുള്ള സൗകര്യം ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകണം. ഡയറ്റ് അടക്കമുള്ള സ്ഥാപനങ്ങളെയും ആയിരക്കണക്കിന് വിദ്യാർത്ഥികളെയും ബാധിക്കുന്ന ഈ വിഷയം സർക്കാർ ഗൗരവമായി പരിഗണിക്കണം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലക്ഷദ്വീപിൽ പുതിയ കോഴ്‌സുകൾ അനുവദിക്കാത്തതിനാലാണ് മറ്റ് യൂണിവേഴ്‌സിറ്റികൾ ആരംഭിക്കുന്നത് എന്ന് എബിവിപി ആരോപിച്ചു. അല്ലെങ്കിൽ മറ്റ് യൂണിവേഴ്‌സിറ്റികൾ ആരംഭിക്കുന്നതിന്റെ കാരണം നിയമപരമായ കാരണങ്ങളാണോയെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കണം.വിദ്യാർത്ഥികളിൽ നിന്ന് യഥാസമയം പരീക്ഷാഫീസ് കൈപ്പറ്റുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, പരീക്ഷാ തീയതിയോ, ടൈംടേബിളോ കൃത്യമായി നൽകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യോഗ കോഴ്‌സുകൾ വൈകിപ്പിക്കുകയാണ്. സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.വി.രജീഷ്, കോഴിക്കോട് മഹാനഗരം അദ്ധ്യക്ഷ അനഘയും പങ്കെടുത്തു.