കരിപ്പൂർ വിമാന അപകടം ചികിത്സാ ചിലവ്  നിർത്തുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും

കരിപ്പൂർ വിമാന അപകടം ചികിത്സാ ചിലവ് നിർത്തുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും

കോഴിക്കോട്: കരിപ്പൂർ വിമാനപകടത്തിൽ പരിക്കേറ്റ നൂറോളം യാത്രക്കാരുടെ ചികിത്സാ ചിലവുകൾ നിർത്തലാക്കുന്ന എയർ ഇന്ത്യ മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മലബാർ ഡവലപ്‌മെന്റ് ഫോറവും, വിമാനപകട ആക്ഷൻ കൗൺസിൽ ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇൻഷുറൻസ് തുകയായി 600 കോടിയിലധികം രൂപ എയറിന്ത്യക്ക് ലഭിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിൽ 65 കോടി രൂപ മാത്രമാണ് അപകടത്തിൽപ്പെട്ടവർക്ക് നൽകിയിട്ടുള്ളത്. മാരകമായ പരിക്കേറ്റ പലർക്കും ഇനിയും തുടർചികിത്സകൾ ആവശ്യമാണ്. പലർക്കും തൊഴിലെടുത്ത് ജീവിക്കാനാവാത്ത ശാരീരികാവസ്ഥയാണ്. ഇവരെ ആശ്രയിക്കുന്ന കുടുംബങ്ങളും വലിയ ബുദ്ധിമുട്ടിലാണ്. ഈ പ്രയാസം മനസ്സിലാക്കി അർഹമായ നഷ്ടപരിഹാരം നൽകാൻ എയറിന്ത്യ തയ്യാറാകണം. അപകടത്തിൽ പെട്ടവരുടെ ശാരീരികാവസ്ഥ വിലയിരുത്താൻ വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിക്കുകയും, ആ റിപ്പോർട്ടനുസരിച്ച് നഷ്ടപരിഹാരം നിശ്ചയിക്കുകയും വേണം. എയറിന്ത്യയുടെ അഭിഭാഷകനാണ് നഷ്ടപരിഹാരം സംബന്ധിച്ച് കേൾക്കുന്നത്. ഈ രീതി ഫലപ്രദമല്ല. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മരിച്ചവരുടെ ആശ്രിതർക്കുള്ള 10 ലക്ഷം രൂപയും, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷത്തിന്റെ ചികിത്സാ സഹായങ്ങളും ലഭിച്ചിട്ടില്ല. അപകടം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഉടൻപുറത്ത് വിടണം.
അന്വേഷണ റിപ്പോർട്ട് വൈകിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. എയറിന്ത്യ പരിക്കേറ്റവർക്ക് അയച്ച കത്ത് പിൻവലിക്കുക, ചികിത്സാ ചെലവുകൾ തുടർന്നും വഹിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 28ന് കാലത്ത് 10 മണിക്ക് എയറിന്ത്യ ഓഫീസിന് മുമ്പിൽ പരിക്കേറ്റവരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ഉപരോധ സമരം നടത്തും. നീതി നിഷേധത്തിനെതിരെ കോടതിയെ സമീപിക്കും. ജന.സെക്രട്ടറി എടക്കുനി അബ്ദുറഹിമാൻ, പ്രസിഡന്റ് എസ്.എ.അബൂബക്കർ, ട്രഷറർ സന്തോഷ് കുമാർ, ആക്ഷൻ കൗൺസിൽ ഭാരവാഹിയായ റഹീം വയനാട് പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *