കോഴിക്കോട്: ഉത്തരേന്ത്യൻ ചരിത്രകാരന്മാർക്ക് ദക്ഷിണേന്ത്യയെ കുറിച്ച് ശരിയായ അറിവ് പകർന്നു കൊടുക്കാൻ കെൽപ്പുള്ള ഭാരതത്തിലെ വിരള ചരിത്രകാരന്മാരിൽ എംജിഎസിന് മുൻനിരയിൽ സ്ഥാനമുണ്ടെന്നും സർദാർ കെ.എം.പണിക്കർക്ക് ശേഷം കേരളത്തിൽ നിന്ന് ചരിത്ര ഗവേഷകരുടെ നിലയിലേക്ക് ഉയർന്നുവന്ന എംജിഎസിന്റെ ശബ്ദം ഉത്തരേന്ത്യക്കാർ സാദരം സ്മരിക്കുമെന്ന് ബീഹാറിലെ വീർകുൻവർ സിങ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം മുൻ മേധാവി പ്രൊഫ. ദിനേശ് തിവാരി പറഞ്ഞു. ബീഹാറിൽ നിന്ന് വന്നു കോഴിക്കോട് എത്തി അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ടു സംസാരിക്കാൻ സാധിച്ചത് തന്റെ ജീവിതത്തിലെ സൗഭാഗ്യമാണ്. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സ്, ഐ, സി എച്ച് ആർ എന്നിവയ്ക്ക് അദ്ദേഹം നല്ല ദിശാബോധം നൽകിയതായും അനേകം വിദേശ രാഷ്ട്രങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായി എത്തി ഇന്ത്യയുടെ സ്വരം വേറിട്ട് കേൾപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ.എംജിഎസിന്റെ നവതി ദിനത്തിൽ ഭാഷാസമന്വയവേദി ചരിത്രകാരന്മാർ, ആർക്കിയോളജിസ്റ്റുകൾ, മുൻകാല സഹപ്രവർത്തകർ, വിദ്യാർത്ഥികൾ, എഴുത്തുകാർ, പ്രസാധകർ, സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ദേശീയ വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർക്കിയോളജിയും ചരിത്രവും തമ്മിലുണ്ടാകേണ്ട ഗാഢബന്ധത്തെക്കുറിച്ച് മനസ്സിലാക്കിയ അപൂർവ്വ ചരിത്ര ഗവേഷകനും അദ്ധ്യാപകനുമാണ് എംജിഎസ്. പെരുമാൾസ് ഓഫ് കേരള എന്ന അദ്ദേഹത്തിന്റെ ഗവേഷണ ഗ്രന്ഥം ആ വിഷയത്തിൽ തുടർ പഠനം നടത്താനുള്ളവർക്ക് ഒരു പ്രകാശ ഗോപുരം ആണ്. ആത്മധൈര്യവും സ്വതന്ത്ര ചിന്തയും നാടിന്റെ സമഗ്ര വികസനത്തിനുള്ള സജീവ പങ്കാളിത്തവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകളാണ് എന്ന് മുഖ്യ പ്രഭാഷകൻ പത്മശ്രീ ഡോ.കെ.കെ.മുഹമ്മദ് പറഞ്ഞു. കെ.പി.സുധീര അധ്യക്ഷത വഹിച്ചു. ഡോ.ആർസു,ഡോ.സി.രാജേന്ദ്രൻ, ഡോ.ഗോപി പുതുക്കാട്, ഡോ.ഒ.വാസവൻ, കെ.ജി.രഘുനാഥ്, സണ്ണി ജോസഫ്, പി.ഐ.അജയൻ, ഡോ.പി.കെ.രാധാമണി, സഫിയ നരിമുക്കിൽ, ശ്രീജ കൃഷ്ണൻ പ്രസംഗിച്ചു.ഡോ.എംജിഎസ് നാരായണൻ മറുപടി പ്രസംഗം നടത്തി.