കോഴിക്കോട്: കേരളീയ ഹൈന്ദവ ക്ഷേത്രങ്ങളിൽ ഇപ്പോഴും കൈകൊണ്ടുവരുന്ന ജാതി വിവേചനം അവസാനിപ്പിച്ചാൽ മാത്രമേ ക്ഷേത്രങ്ങൾ അഭിമുഖീകരിക്കുന്ന സാമ്പത്തികമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം സാധ്യമാകൂ എന്ന് ശ്രീ കൊട്ടിയൂർ പെരുമാൾ സേവാസംഘം ഓണററി ചെയർമാൻ ഗോകുലം ഗോപാലൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ ഗ്രാമ ക്ഷേത്രങ്ങളിലും വിവധ സമുദായ പ്രതിനിധികളെ ഉൾപ്പെടുത്തി ക്ഷേത്രാരാധക സമാജം രൂപീകരിക്കണം. ദൈവ സന്നിധിയിൽ വരാൻ എല്ലാവർക്കും അവസരം നൽകണം. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ദർശനം ജീവിതത്തിൽ പകർത്തിയ വ്യക്തിയാണ് ശ്രീകൊട്ടിയൂർ പെരുമാൾ സേവാസംഘം സ്ഥാപക സെക്രട്ടറി കെ.കുഞ്ഞിരാമൻ. അദ്ദേഹത്തിന്റെ നവതി ആഘോഷം 26ന് ഉച്ചക്ക് 3മണിക്ക് ഗോകുലം ഗലേറിയയിൽ നടക്കും. കോവിഡ് മാനദണ്ഡം അനുസരിച്ച് നടക്കുന്ന പരിപാടിയിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, എം.കെ.രാഘവൻ.എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി സംബന്ധിക്കും.വാർത്താ സമ്മേളനത്തിൽ കൊട്ടിയൂർ പെരുമാൾ സേവാസംഘം ജന.സെക്രട്ടറി പ്രശാന്ത് വടകര, കൊട്ടിയൂർ പെരുമാൾ സേവാ സംഘം മുൻ പ്രസിഡന്റ് ഗംഗാധരകുറുപ്പ്, ഓഫീസ് സെക്രട്ടറി എൻ.സ്വരാജ് പങ്കെടുത്തു.