മുസ്ലിം ലീഗ് നേതൃത്വത്തിൽ വിശ്വാസമുണ്ട്  ഫാത്തിമ തഹ്‌ലിയ

മുസ്ലിം ലീഗ് നേതൃത്വത്തിൽ വിശ്വാസമുണ്ട് ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: ഹരിത വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വം നീതിയുക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും തീരുമാനം വൈകിയതിനാലാണ് ഹരിതയുടെ പ്രവർത്തകരായ പത്ത് പെൺകുട്ടികൾ വനിതാ കമ്മീഷനെ സമീപിച്ചത്. ഹരിതയുടെ രൂപീകരണത്തോടെയാണ് എംഎസ്എഫിന് സ്വാധീനമില്ലാതിരുന്ന കോളേജുകളിൽ പോലും സ്വാധീനം ഉറപ്പിക്കാനായത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് പെൺകുട്ടികൾക്ക് പ്രാതിനിധ്യം ലഭിച്ചതും വാളയാർ,പാലത്തായി വിഷയങ്ങളിൽ പ്രതികരിച്ചതടക്കം നിരവധി കാര്യങ്ങൾ ഹരിതയ്ക്ക് ചെയ്യാനായിട്ടുണ്ട്. പരാതിക്കാരായ പെൺകുട്ടികൾ ഇതുവരെ മീഡിയകൾക്ക് മുന്നിലോ പൊതു സമൂഹത്തിന് മുന്നിലോ തങ്ങളുടെ പരാതി പറഞ്ഞിട്ടില്ല. പാർട്ടി നേതൃത്വത്തിനാണ് പരാതി നൽകിയത്. എന്നാൽ ഹരിതയെ മരവിപ്പിക്കുകയും ആരോപണ വിധേയരായവർക്ക് ലഭിച്ച സ്വാഭാവിക നീതിപോലും നൽകാത്തത് വേദനിപ്പിച്ചു. എം.എസ്എഫിന്റെ ദേശീയ കമ്മിറ്റി ഇരുകൂട്ടരുടേയും നിലപാടുകൾ കേട്ട് റിപ്പോർട്ട് തയ്യാറാക്കി പാർട്ടി നേതൃത്വത്തെ ഏൽപ്പിച്ചിട്ടുണ്ട്. എംഎസ്എഫിന്റെ 11 ജില്ലാ കമ്മറ്റികൾ ഹരിതക്കനുകൂലമായി സംസ്ഥാന നേതൃത്വേത്തിന് കത്ത് നൽകിയിട്ടുണ്ട്. ഞങ്ങളെക്കുറിച്ച് മോശം പ്രചാരണമാണ് സോഷ്യൽ മീഡിയകളിൽ ചിലർ നടത്തുന്നത്. ഇതിനെതിരെ പോലീസിലടക്കം പരാതികൾ നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയുള്ള അപവാദ പ്രചാരണം അവസാനിപ്പിക്കണം. സീതി സഹിബും, സിഎച്ച് മുഹമ്മദ് കോയയും നേതൃത്വം നൽകി പാർട്ടിയാണിത്. അഭിമാനകരമായ അസ്തിത്വമുള്ള പാർട്ടി ഈ വിഷയത്തിൽ മാതൃകാപരമായ നടപടിയെടുക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. സഹിക്കാവുന്നതിന്റെ അപ്പുറം സഹിച്ചതിനു ശേഷമാണ് പാർട്ടിയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകരെയും ഞങ്ങളെ, സ്‌നേഹിക്കുന്ന മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരെ അഭിമുഖീകരിക്കാനാണ് മാധ്യമങ്ങളെ കണ്ടതെന്നവർ പറഞ്ഞു. വനിതകൾക്ക് സുരക്ഷിതമായി പ്രവർത്തിക്കാൻ സാധിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. മുസ്ലിംലീഗ് നേതൃത്വത്തിൽ വനിതകളുടെ പ്രാതിനിധ്യ കുറവുണ്ട്‌. ഹരിതയുടെ നിലപാട് വനിതാ ലീഗ് തള്ളിയെങ്കിൽ അതിൽ പ്രയാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *