സമഗ്ര വികസന പദ്ധതികളുമായി മിൽമ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കും – ചെയർമാൻ

സമഗ്ര വികസന പദ്ധതികളുമായി മിൽമ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കും – ചെയർമാൻ

കോഴിക്കോട്: മിൽമയുടെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും, പാൽപ്പൊടി നിർമ്മാണ ഫാക്ടറി, കാലിത്തീറ്റ സംഭരണ കേന്ദ്രങ്ങൾ എന്നിവയുടെ നിർമ്മാണം പുരോഗമിച്ചു വരികയാണെന്നും മിൽമ ചെയർമാൻ കെ.എസ്.മണി
പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സിൽ പറഞ്ഞു. മലപ്പുറം ജില്ലയിൽ നിർമ്മിക്കുന്ന പാൽപ്പൊടി നിർമ്മാണ ഫാക്ടറിക്ക് 60കോടിയോളം രൂപ ചിലവ് വരും. ഇതിൽ 49 കോടി രൂപ സംസ്ഥാന സർക്കാർ ഗ്രാന്റായി അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 70 കോടിയോളം രൂപയാണ് സർക്കാർ സഹായം ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ രണ്ട് കോടി രൂപയും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് 42 കോടി രൂപയുടെ ആനുകൂല്യങ്ങൾ ക്ഷീര കർഷകർക്ക് നൽകാനായി. കോവിഡ് കാലത്ത് മറ്റു വരുമാനങ്ങൾ നിലച്ചപ്പോൾ, ജനങ്ങൾ ക്ഷീര മേഖലയിലേക്ക് കടന്നു വരികയുണ്ടായി. മലപ്പുറം ജില്ലയിൽ 37% പാൽ ഉൽപ്പാദന വർദ്ധനവാണ് ഇക്കാലത്തുണ്ടായത്.
സംസ്ഥാനത്ത് മിൽമ സംഭരിക്കുന്ന 14 ലക്ഷം ലിറ്റർ പാലിൽ 8ലക്ഷം സംഭരിക്കുന്നത് മലബാർ മേഖലാ യൂണിയനാണ്. ആഭ്യന്തര മാർക്കറ്റിലും, വിദേശ മാർക്കറ്റിലും മിൽമയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ കൂടുതലായി ചിലവഴിക്കാൻ നല്ല ഇടപെടൽ നടത്തുന്നു. വൈവിധ്യ വൽക്കരണത്തിലൂടെ വലിയ മുന്നേറ്റമാണ് മിൽമക്കുണ്ടായിട്ടുള്ളത്.
മലബാറിലെ ആറ് ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത സ്വന്തമായി വീടില്ലാത്ത വിധവകൾ, നിർധനരായ ക്ഷീര കർഷകർക്ക് 500000രൂപ വീതം നൽകുന്ന മിൽമ ഭവന പദ്ധതി, മാരക രോഗികളായ ക്ഷീര കർഷകർക്ക് 20,000 രൂപയുടെ ചികിത്സാ സഹായം, കോവിഡിൽ മരണമടഞ്ഞ ക്ഷീര കർഷകരുടെ കുടുംബങ്ങൾക്ക് 10,000 രൂപ ധന സഹായം, ഓണക്കാലത്ത് 2.4 കോടി രൂപ ക്ഷീരകർഷകർക്ക് പാലിന് അധിക വില, ടൈപ്പ് 1 പ്രമേഹ ചികിത്സാ സഹായം, ക്ഷീര കർഷകരുടെ പെൺകുഞ്ഞുങ്ങൾക്ക് സമ്പാദ്യ പദ്ധതി എന്നിങ്ങനെ ക്ഷീര കർഷകരെ സഹായിക്കാൻ വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കി വരുന്നു.
1300 കോടി രൂപ വിറ്റുവരവുള്ള മലബാർ മേഖലയുടെ 30%, ഉൽപ്പന്നങ്ങളുടെ വിൽപ്പനയാണ്. ഇത് വർദ്ധിപ്പിക്കാൻ കർമ്മ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.നിലവിൽ മിൽമയുടെ മലബാർ മേഖലാ യൂണിയൻ പാലിനു പുറമെ 45 ഉൽപന്നങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 5 മിനിട്ടിൽ തയ്യാറാക്കാവുന്ന വെജിറ്റബിൾ ബിരിയാണി, കുരുമുളക്, മഞ്ഞൾപ്പൊടി, രസപ്പൊടി, ചുക്ക് കാപ്പി, കാപ്പിപ്പൊടി എന്നിവ കഴിഞ്ഞ ദിവസം വിപണിയിലറക്കിയിരുന്നു. സംസ്ഥാനത്തെ 1600ഓളം ക്ഷീര സംഘങ്ങളിലൂടെ മിൽമ ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്താൻ പദ്ധതിയുണ്ട്. ഓണക്കാലത്ത് തമിഴ്‌നാട്ടിലെയും കർണ്ണാടകത്തിലെയും സഹകരണ സംഘങ്ങളിൽ നിന്നും എത്തുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തും.ഇന്ത്യയുടെ പാൽക്കാരൻ അമുൽ കുര്യന് ജന്മ നഗരത്തിൽ ഉചിതമായ സ്മാരകം ഒരുക്കുന്നതും സജീവ പരിഗണനയിലാണ്. മലബാർ മേഖല മാനേജിംഗ് ഡയറക്ടർ എം.മുരളിയും  സംബന്ധിച്ചു.പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്.രാകേഷ് സ്വാഗതം ആശംസിച്ചു. പ്രസ്സ്‌ക്ലബ്ബിന്റെ ഉപഹാരം മിൽമ ചെയർമാന് സമ്മാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *