കോഴിക്കോട്: ഹിന്ദു-മുസ്ലിം-ക്രൈസ്തവർ സഹോദരങ്ങളാണെന്ന മുദ്രാവാക്യമാണ് വർത്തമാന കാല ഭാരതം കാതോർക്കുന്നതെന്നും ഈശ്വർ അള്ള തേരേ നാം എന്ന പ്രാർത്ഥനയിയൂടെ ഗാന്ധിജി പോലും നമ്മെ പഠിപ്പിക്കുന്നത് ദൈവത്തിന്റെ ഏക ഭാവമാണെന്നും ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. മതം മനുഷ്യന് ശല്ല്യമാകുമ്പോൾ അത് ദൈവദോഷമാകും. ബഹുസ്വരത കളിയാടുന്ന ഭാരതത്തിൽ വൈവിധ്യങ്ങളുടെ സൗന്ദര്യമാണ് പൂത്തുലയേണ്ടത്. വൈവിധ്യം വൈരുദ്ധ്യമാകാതെ കാത്തുസൂക്ഷിക്കേണ്ടത് ഉത്തരവാദിത്തമുള്ള മതവിശ്വാസിയുടെ കടമയാണ്. ലക്കും ദീന്ക്കും വലിയ ദീൻ എന്ന സന്ദേശത്തിലൂടെ നബി തിരുമേനി പഠിപ്പിച്ചത് നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതമെന്നാണ്. ഇത് തിരിച്ചറിഞ്ഞ് പരസ്പരം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്താൽ സമാധാന പൂർണ്ണമായി സന്തോഷത്തോടെ നമുക്കോരോരുത്തർക്കും മുൻപോട്ട് പോകാൻ സാധിക്കും. രാത്രി ഉറങ്ങാനുള്ളതാണെന്നാണ് ദൈവ കൽപ്പന. എന്നാൽ അർദ്ധരാത്രികളിൽ ആരാധനാലയങ്ങളിൽ ആളുകളെ ശല്യപ്പെടുത്തുന്ന രീതിയിൽ ബഹളമുണ്ടാക്കി പ്രാർത്ഥിക്കേണ്ട ആവശ്യമില്ല. സംഘടിതമായി ഉച്ചത്തിൽ ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചവരോട് ശബ്ദം കുറച്ച് പ്രാർത്ഥിച്ചാലും ദൈവം കേൾക്കുമെന്ന് പഠിപ്പിച്ചത് പ്രവാചകനാണ്. റോഡ് ബ്ലോക്കാക്കി നടത്തുന്ന മത ഘോഷയാത്രകൾക്കും ദൈവ നീതീകരണം ലഭിക്കില്ല. റോഡ് യാത്ര ചെയ്യാനുള്ളതാണ്. അവിടെ രോഗികൾക്ക് ആശുപത്രിയിലേക്കെത്തേണ്ടതുണ്ടാവും, ജോലിക്ക് പോകുന്നവരുണ്ടാകും. ഇവരുടെയൊക്കെ വഴി തടസ്സപ്പെടുത്തിയാൽ ദൈവം പൊറുക്കില്ല. നാമെല്ലാവരും ഒരു ദൈവത്തിന്റെ സന്തതികളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേരള കൗൺസിൽ ഫോർ ചർച്ചസ് കോഴിക്കോട് സംഘടിപ്പിച്ച ഉത്തരവാദിത്ത പൗരത്വം ടോക്ക് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.