കോഴിക്കോട്: കഴിഞ്ഞ എഴുപത്തഞ്ച് വർഷമായി മതേതര ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കുന്ന ഇന്ത്യ ലോകത്തിന് മാതൃകയാണെന്നും, ഇന്ത്യയെന്ന വികാരം നമ്മൾ ഓരോരുത്തരിലും പടരണമെന്നും ബിഷപ്പ്ഡോ.വർഗ്ഗീസ് ചക്കാലയ്ക്കൽ പറഞ്ഞു. ഭരണഘനക്ക് മുമ്പിൽ എല്ലാവരും തുല്യരാണ്. എന്റെ രാജ്യം, എന്റെ ജനത, ഒരോയൊരു ഇന്ത്യ എന്ന സങ്കൽപം ഉയർത്തിപ്പിടിക്കലാണ് ഉത്തരവാദിത്തമുള്ള പൗരന്റെ ധർമ്മം. അബൂബക്കറും, നബീസയും ഇല്ലാത്ത, ജോസും മേരിയുമില്ലാത്ത, സതിയും വാസുവും ഇല്ലാത്ത ഇന്ത്യ യഥാർത്ഥ ഇന്ത്യയാവില്ല. ഐക്യമാണ് വലുത്. ഐക്യത്തിലൂടെ മുന്നേറിയാൽ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ രാജ്യമായി നമുക്ക് മാറാനാകും. കേരള കൗൺസിൽ ഓഫ് ചർച്ചസ് ക്ലർജി കമ്മീഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഉത്തരവാദിത്ത പൗരൻ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി എസ് ഐ മലബാർ മേഖലയിലെ ബിഷപ്പ് റോയിസ് മനോജ് വിക്ടർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഹുസൈൻ മടവൂർ, ശ്രീരാമകൃഷ്ണ മിഷൻ ആശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ, ഇന്റഗ്രേറ്റഡ് എജ്യുക്കേഷൻ കൗൺസിൽ ചെയർമാൻ ഡോ.ആർ.യൂസഫ് അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. വിഷയാവതരണത്തെക്കുറിച്ച് കെ.സി.സി ക്ലർജി ജില്ലാ ചെയർമാൻ റവ.ഡോ.ടി.ഐ.ജെയിംസ് സംസാരിച്ചു. കെ.സി.സി. ക്ലർജി കമ്മീഷൻ ജില്ലാ കൺവീനർ ഫാ.ബോബി പീറ്റർ സ്വാഗതവും കെ.സി.സി ക്ലർജി കമ്മീഷൻ ജില്ലാ വൈസ് പ്രസിഡന്റ് റവ.സാജു ജോൺ നന്ദിയും പറഞ്ഞു.