കോഴിക്കോട്: സ്വർണ്ണാഭരണങ്ങൾക്ക് കേന്ദ്ര സർക്കാർ കൊണ്ടുവന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ നടപ്പാക്കുന്നത് സ്വർണ്ണ വ്യാപാര മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇത് സംബന്ധിച്ച് നടപടികൾ രണ്ട് വർഷത്തേക്ക് നിർത്തി വെക്കണമെന്നും ആൾകേരള ഗോൾഡ് ആന്റ് സിൽവർ ലൈൻ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം ഒരു നിയമം നടപ്പാക്കുമ്പോൾ യാതൊരുവിധ ചർച്ചയും നടത്തിയിട്ടില്ല. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ജനറലുമായും ചർച്ച നടത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹാൽ മാർക്കിംഗിനെ സ്വാഗതം ചെയ്യുന്നു. 21 വർഷത്തെ തയ്യാറെടുപ്പിന് ശേഷമാണ് ഹാൾമാർക്കിംഗ് നടപ്പിലാക്കിയത്. എന്നാൽ എച്ച് യു ഐ ഡി ഒരു തയ്യാറെടുപ്പുമില്ലാതെ നടപ്പാക്കുന്നതിനാൽ സ്വർണ്ണ വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കോഴിക്കോട് ഇൻകം ടാക്‌സ് ഓഫീസ് ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും, കസ്റ്റംസ് ഒാഫീസ് ധർണ്ണ സംസ്ഥാന രക്ഷാധികാരി ബി.ഗിരിരാജനും, എറണാകുളം ബി ഐ എസ് ഓഫീസ്് ധർണ്ണ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസറും, തിരുവനന്തപുരം എജി ഓഫീസ് ധർണ്ണ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദനും ഉദ്ഘാടനം ചെയ്തു.