കോഴിക്കോട്: അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ കേരള മാതൃകയായ ജനകീയാസൂത്രണ പ്രസ്ഥാനം രജത ജൂബിലിയുടെ നിറവിലാണ്. കാൽ നൂറ്റാണ്ടിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പ്രായോഗിക തലത്തിലും സൈദ്ധാന്തിക തലത്തിലും ജനകീയാസൂത്രണ പ്രസ്ഥാനം വിശകലനം ചെയ്യപ്പെടണമെന്ന് കേരള സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നു. നവകേരളത്തിന് ജനകീയാസൂത്രണം എന്ന മുദ്രാവാക്യവുമായി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പുതിയ കാലത്തിനൊപ്പം മുന്നേറുകയാണ്. കേരള വികസനത്തിന്റെ പുത്തൻ പാന്ഥാവുകൾക്ക് അടിത്തറയായി മാറിയ, സംസ്ഥാനത്തെ ലോക ശ്രദ്ധിലേക്ക് കൊണ്ടുവന്ന, മലയാളികളാകെ നെഞ്ചേറ്റിയ ജനകീയാസൂതണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ആഗസ്റ്റ് 17ന് വൈകു.4 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉദ്ഘാടനം സംഘടിപ്പിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ ആഘോഷങ്ങളുടെ ഉദ്ഘാടനം കേരള വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉച്ചക്ക് 2 മണിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25 വർഷത്തെ നേട്ടങ്ങൾ സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അവതരണവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുൻ പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജനകീയാസൂത്രണ പ്രവർത്തകർ മുതലായവരെ ആദരിക്കും.
ഒരു വർഷം നീളുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി ഉദ്ഘാടന-സേവന-പശ്ചാതല മേഖലകളിൽ ശ്രദ്ധേയമായ ചില പദ്ധതികളും പരിപാടികളും നടപ്പാക്കും. കോഴിക്കോട് ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥി ആയിരിക്കും. മുൻജില്ലാ പഞ്ചായത്ത് അധ്യക്ഷന്മാരെ നേരിട്ടും മുൻ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജനകീയാസൂത്രണ പ്രവർത്തകർ എന്നിവരെ ഓൺലൈനായും ആദരമർപ്പിക്കും. കുടുംബശ്രീ പ്രവർത്തകരുടെ വാദ്യമേളവും, ഉഷാ ചന്ദ്രബാബുവിന്റെ ‘നാളെയിലേക്കൊരു കൂടൊരുക്കം’ നാടകവും ഉദ്ഘാടന ചടങ്ങിൽ അവതിരപ്പിക്കും.