തൃശൂർ: റിസർവ് ബാങ്കിന് വേണ്ടി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പൊതു ബാങ്കിങ് ബിസിനസ് നടത്തിപ്പിനായി സൗത്ത് ഇന്ത്യൻ ബാങ്കിനെ ഏജൻസി ബാങ്കുകളിൽ ഒന്നായി തിരഞ്ഞെടുത്തു.
മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവൺമെന്റ് ആന്റ് ബാങ്ക് അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പിട്ടത്.
സർക്കാർ ബിനസ്സുമായി ബന്ധപ്പെട്ട നിരവധി ഇടപാടുകൾ ഇനി സൗത്ത് ഇന്ത്യൻ ബാങ്ക് വഴി നടത്താം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ റവന്യൂ സ്വീകരിക്കലും നൽകലും, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പെൻഷൻ നൽകൽ, സ്‌മോൾ സേവിംഗ്‌സ് സ്‌കീമുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഫിസിക്കൽ മോഡോ ഇ-മോഡോ വഴിയുള്ള സ്റ്റാമ്പ് ഡ്യൂട്ടി ശേഖരണം, ഏജൻസി കമ്മീഷന് അർഹമാണെന്ന് ആർ.ബി.ഐ തീരുമാനിച്ചിട്ടുള്ള മറ്റു പ്രവർത്തനങ്ങൾ എന്നിവ ഇടപാടുകളിൽ ഉൾപ്പെടുന്നു. അതിനൂതനമായ ഡിജിറ്റൽ സേവനങ്ങളിലൂടെയും, അനുദിനം വികസിക്കുന്ന ശാഖാ ശൃംഖലയിലൂടെയും, സർക്കാർ ബിസിനസ്സുമായി ബന്ധപ്പെട്ട സേവനങ്ങൾ സുഗമമായി ൽകാൻ സൗത്ത് ഇന്ത്യൻ ബാങ്ക് സജ്ജമാണെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു.