അന്യാധീനപ്പെടുന്ന ജീരകപ്പാറ-തുഷാരഗിരി വനമേഖല സംരക്ഷിക്കണം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

അന്യാധീനപ്പെടുന്ന ജീരകപ്പാറ-തുഷാരഗിരി വനമേഖല സംരക്ഷിക്കണം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

കോഴിക്കോട്: ജീരകപ്പാറ-തുഷാരഗിരി വനമേഖല സംരക്ഷിക്കുന്നത് സംബന്ധിച്ച് കോടതിവിധി പുന:പരിശോധിക്കാനും സ്വകാര്യ വ്യക്തികൾക്ക് വിട്ടുകൊടുക്കാതെ സ്വാഭാവിക വനം വനമായിത്തന്നെ സംരക്ഷിച്ച് പരിപാലിക്കാനുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സർക്കാരിനോട് അഭ്യർത്ഥിച്ചു.
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി വില്ലേജ്, കോടഞ്ചേരി പഞ്ചായത്തിലെ സർവ്വേ നമ്പർ 15/1ൽ പെട്ടതും തുഷാരഗിരി വെള്ളച്ചാട്ടത്തിൽ നിന്ന് വളരെ അടുത്തായി നോക്കിയാൽ കാണാവുന്നതും, 200 മീറ്റർ ദൂരെയായിവ്യാപിച്ചു കിടക്കുന്നതുമായ 23.83 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളായ അഞ്ചുപേർക്ക് തിരിച്ചു നൽകാനാണ് കോടതി വിധി. എന്നാൽ ഉഷ്ണ മേഖലാ മഴക്കാടുകൾക്ക് സദൃശമായ തുഷാരഗിരി ഉൾപ്പെടുന്ന ജീരകപ്പാറ വനമേഖല ജൈവവൈവിധ്യം, അതിവിപുലമായ ജൈവസ്രോതസ്സ്, കാലാവസ്ഥ, ജലസുരക്ഷ, പരിസ്ഥിതി സൗഹൃദ ടൂറിസം എന്നീ നിലകളിൽ അതീവ പ്രധാനമാണ്.
മഴവിൽ വെള്ളച്ചാട്ടം, ഈരാറ്റുമുക്ക് വെള്ളച്ചാട്ടം, തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടം എന്നീ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലേക്കുള്ള പരിസ്ഥിതി സൗഹൃദ സന്ദർശനത്തിന്റെ പ്രധാന നിദാനം. ഈ വെള്ളച്ചാട്ടങ്ങളിൽ നിന്നാണ് ചാലിപ്പുഴ ഉത്ഭവിക്കുന്നത്. ഇതു ഇരുവഴിഞ്ഞിപ്പുഴയിലും തുടർന്ന് ചാലിയാറിലും വന്നുചേരുന്നു. ചാലിപ്പുഴയിലാണ് ലോക ശ്രദ്ധ ആകർഷിച്ചിട്ടുള്ള കയാക്കിംഗ് വഞ്ചി തുഴയൽ നടക്കുന്നത്. അതിനാൽ സർക്കാർ കോടതിയിൽ പുന:പരിശോധനാ ഹർജി നൽകണമെന്നും, ഈ സ്ഥലം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികളായ സംസ്ഥാന സമിതി അംഗം പ്രൊഫ.കെ.ശ്രീധരൻ, ജില്ലാ സെക്രട്ടറി എ.ശശിധരൻ, പരിസ്ഥിതി വിഷയ സമിതി ചെയർമാൻ മണലിൽ മോഹനൻ, പി.ടി.വിശ്വാനാഥൻ, വിജീഷ് പരവരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *