കോഴിക്കോട്: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡ് നടത്തുന്ന ഓണം-മുഹറം വിപണന മേള 11 മുതൽ 20വരെ നടക്കും. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന് സമീപമാണ് ഓണച്ചന്ത. ജയ അരിയും, കുറുവ അരിയും കിലോയ്ക്ക് 25 രൂപ, കുത്തരി 24 രൂപ, പച്ചരി 24 രൂപയുമാണ് വില. വെളിച്ചണ്ണ 92, പഞ്ചസാര 22, ചെറുപയർ 74, ഉഴുന്നുബോൾ 66, വൻ കടല 43, വൻ പയർ 45, മുളക് ഗുണ്ടൂർ 75, തുവരപ്പരിപ്പ് 65, മല്ലി 79, എന്നിങ്ങനെയാണ് ഓണ വിപണിയിലെ വില. കുറുവ, കുത്തരി, ജയ ഇവയിലേതെങ്കിലുമൊന്ന് 5 കിലോ വീതവും പച്ചരി 2 കിലോ വീതവും പഞ്ചസാര 1 കിലോയും സബ്‌സിഡി നിരക്കലും മറ്റു സാധനങ്ങൾ 500 ഗ്രാമുമാണ് ലഭിക്കുക. 30 ലക്ഷം കുടുംബങ്ങൾക്ക് ഈ ആനുകൂല്യം എത്തിച്ചേരുമെന്നും സംസ്ഥാനത്ത് 2000 ഓണം മുഹറം വിപണികളാണ് കൺസ്യൂമർ ഫെഡ് ആരംഭിക്കുന്നതെന്നും ചെയർമാൻ എം.മെഹബൂബും എം.ഡി എസ്.കെ.സനിലും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സബ്‌സിഡി ഇനത്തിൽ 55 കോടി രൂപയുടെ വിൽപ്പനയും 70 കോടി രൂപ നോൺ സബ്‌സിഡി ഇനത്തിലും മൊത്തം 125 കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക് ആവശ്യമുള്ള എല്ലാ ഉൽപ്പന്നങ്ങളും മേളയിൽ ലഭ്യമാകുമെന്ന് അവർ അറിയിച്ചു.