കോഴിക്കോട്: സന്ധിമാറ്റിവയ്ക്കൽ രംഗത്തെ അത്യാധുനിക ചികിത്സാ രീതിയായ റോബോട്ടിക്‌സിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയാ സംവിധാനം ദക്ഷിണേഷ്യയിൽ ആദ്യമായി മേയ്ത്ര ഹോസ്പിറ്റലിൽ ആരംഭിച്ചു. സന്ധിമാറ്റി വയ്ക്കൽ ശസ്ത്രക്രിയാ രംഗത്ത് സ്മിത് ആന്റ് നെവ്യു കോറി റോബൊട്ടിന്റെ സഹായത്തോടെയുള്ള സംവിധാനം മേയ്ത്ര ഹോസ്പിറ്റലിൽ സിനിമാ താരം മമ്മുട്ടി ഉദ്ഘാടനം ചെയ്തു.
ഓരോ വ്യക്തിയുടെയും കാൽമുട്ടിന്റെ ഘടനക്കനുസരിച്ച് ചുറ്റുമുള്ള പേശികൾക്കും ലിഗമെന്റുകൾക്കും കേടുപാടുകൾ വരാതെ, സസൂക്ഷ്മമായ കൃത്യതയോടെ ഇംപ്ലാന്റുകൾ സ്ഥാപിക്കാൻ ആവുന്ന തരത്തിലാണ് കോറി റിയൽ ഇന്റലിജൻസ് റോബോട്ടിക് സർജറി സിസ്റ്റം രൂപകല്പ്പന ചെയ്തിട്ടുള്ളത്.റോബൊട്ടിക് സഹായത്തോടെ ചെയ്യുന്ന ശസ്ത്രക്രിയ രോഗികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ വളരെയേറെ ലഘൂകരിക്കുമെന്ന് ഹോസ്പിറ്റൽ ഡയറക്ടറും കാര്ഡിയോളജി സീനിയർ കണ്‌സല്ട്ടന്റുമായ ഡോ. അലി ഫൈസൽ പറഞ്ഞു.