കോഴിക്കോട്: നാഷണൽ സെക്കുലർ കോൺഫറൻസ് ഐഎൻഎല്ലിൽ ലയിച്ചപ്പോൾ സ്വതന്ത്ര നിലപാട് സ്വീകരിച്ചവരും, ഐഎൻഎല്ലിൽ നിന്ന് വിഘടിച്ചു നിന്നവരും ചേർന്ന് രൂപീകരിച്ച ഐഎൻഎൽ സെക്കുലർ, മാതൃ സംഘടനയായ ഐഎൻഎല്ലിൽ ലയിക്കുവാൻ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് എയർലൈൻസ് അസീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അധസ്ഥിത ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് ഇന്ത്യൻ പാർലമെന്റിൽ പോരാട്ടം നടത്തിയ ഇബ്രാഹിം സുലൈമാൻ സേട്ട് രൂപം നൽകിയ ഒരു പ്രസ്ഥാനം തകർക്കുന്നത് നോക്കി നിൽക്കാനാവില്ലെന്നും, ഇടതു മതേതര ചേരിയെ ശക്തിപ്പെടുത്തേണ്ട ഈ അവസരത്തിൽ ഭിന്നിച്ചു മാറി നിൽക്കാനാവില്ലെന്നുമുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഐഎൻഎൽ സെക്കുലർ ഐഎൻഎല്ലിൽ ലയിക്കുവാൻ തീരുമാനിക്കുന്നത് എന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സിറാജുദ്ദീൻ പെരിനാട്,എറണാകുളം ജില്ലാ പ്രസിഡന്റ് അൻവർ ഇടശ്ശേരി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്‌കർ കിണാശ്ശേരി പി.പി.അബ്ദുള്ളക്കോയ സംബന്ധിച്ചു.