കോഴിക്കോട്: ബിരുദ കോഴ്‌സുകളുടേയും സീറ്റുകളുടേയും കാര്യത്തിൽ പ്രശ്‌നം അഭിമുഖീകരിക്കുന്ന കാസർഗോഡുമുതൽ പാലക്കാട് വരെയുള്ള മലബാർ ജില്ലകളിൽ കൂടുതൽ കോളേജുകളും കോഴ്‌സുകളും അനുവദിക്കണമെന്ന് വിദ്യാർത്ഥി സംഘടനയായ യെസ് ഇന്ത്യ ആവശ്യപ്പെട്ടു.
എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയ ശതമാനം വർദ്ധിക്കുകയും എപ്ലസ് ഇരട്ടിക്കുകയും ചെയ്തതോടെ മലബാറിലെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനം പോലും ലഭിക്കാതെ പഠനം മുടങ്ങുന്നത്. മലബാറിലെ എല്ലാ ജില്ലകളിലും ഈ പ്രശ്‌നം നിലനിൽക്കുകയാണ്. ബിരുദ സീറ്റുകളുടെ കാര്യമാണെങ്കിൽ, കേരളത്തിലെ വിദ്യാർത്ഥികളുടെ പകുതിയിലേറെയും മലബാറിലാണെങ്കിലും സീറ്റുകളുടെ മൂന്നിൽ ഒന്ന് പോലും ഇവിടെ സർക്കാർ അനുവദിക്കുന്നില്ല. 2020-21 വർഷത്തിൽ പല ഘട്ടങ്ങളിലായി അനുവദിച്ച 212 പുതിയ കോഴ്‌സുകളിൽ 77 എണ്ണം മാത്രമാണ് മലബാർ ജില്ലകൾക്കു ലഭിച്ചത്. മലബാറിലെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ അനുവദിക്കുക, പുതിയ കോളേജുകൾ ആരംഭിക്കുക എന്നിവയിലൂടെ മാത്രമേ ഇതിനു പരിഹാരം കാണാൻ സാധിക്കൂ.
മുഹമ്മദ് ഖലീൽ, ഫാത്തിമ റിൻഷ, റയീസ് ടി.കെ, സഫ.ജി.കെ, ഷഹാന.എം.ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.