കോഴിക്കോട്: ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ആഗോള പ്രവാസി സമ്മേളനവും ഗ്ലോബൽ അവാർഡ് ദാനവും മുംബൈയിൽ സെപ്റ്റംബർ 1,2 തിയ്യതികളിൽ നടക്കും. 2-ാം തിയ്യതി നടക്കുന്ന പൊതു സമ്മേളനം ഗോവ ഗവർണ്ണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല അദ്ധ്യക്ഷം വഹിക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. വിദ്യാഭ്യാസ വിദഗ്ധൻ ഡോ.ഡൈന മിത്ര ഗൺഷംചിരംകാർ 1ാം തിയ്യതി നടക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്യും.
ആഗോള തലത്തിൽ പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ, വിദേശത്തു നിന്നു തിരിച്ചു വരുന്നവരുടെ പുനരധിവാസം, രാജ്യത്തിന്റെ സമ്പദ്‌മേഖല ശക്തിപ്പെടുത്താൻ വിദേശ ഇന്ത്യക്കാരെ എങ്ങനെ ഭാഗബാക്കാക്കാം തുടങ്ങിയവയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ടയെന്ന് പ്രസിഡന്റ് എം.വി.കുഞ്ഞാമു, ജന.സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, സെക്രട്ടറി കെ.ടി.വാസുദേവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.