കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് ആശ്വാസം പകരാത്ത സംസ്ഥാന സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് ജൂലായ് 6ന് സെക്രട്ടറിയേറ്റിന് മുൻപിലും, 13 ജില്ലാ കേന്ദ്രങ്ങളിലും അവകാശ പ്രഖ്യാപന സദസ്സുകൾ സംഘടിപ്പിക്കുമെന്ന് എസ് ടി യു സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം.റഹ്മത്തുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അന്നേ ദിവസം സംസ്ഥാനത്തെ 3000 യൂണിറ്റുകളിലും പ്രതിജ്ഞ സംഗമങ്ങൾ നടക്കും. തൊഴിലാളികളുടെയും, സാധാരണക്കാരുടെയും ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക സംസ്ഥാന സർക്കാരിന് സമർപ്പിക്കും. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന് തൊഴിൽ മേഖലയിൽ കാതലായ മാറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. അംശാദായം വർദ്ധിപ്പിക്കുന്നതിനനുസരിച്ചുള്ള ആനുകൂല്യം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. വിദ്യാഭ്യാസവും, തൊഴിലും ഒരു മന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. തൊഴിലവകാശ കമ്മീഷൻ രൂപീകരിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു. കാർഷിക രംഗത്ത് കേന്ദ്ര സർക്കാർ നയങ്ങൾ നടപ്പാക്കില്ലെന്ന് പറയുന്ന സംസ്ഥാന സർക്കാർ കേന്ദ്ര തൊഴിൽ നിയമത്തിലെ തൊഴിലാളി വിരുദ്ധ സമീപനം നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കണം. തൊഴിലാളി ക്ഷേമനിധി ബോർഡുകളിൽ കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് രൂപ സർക്കാർ വകമാറ്റി ചിലവഴിക്കുന്ന രീതി അവസാനിപ്പിക്കണം. സംസ്ഥാന ജന.സെക്രട്ടറി യു.പോക്കർ സംബന്ധിച്ചു.