കോഴിക്കോട്: കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങളെ ദ്രോഹിക്കുന്ന ക്രൂര വിനോദത്തിലാണ് കേന്ദ്ര സർക്കാർ ഏർപ്പെട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പെട്രോളിയത്തിന്റെയും, ഡീസലിന്റെയും, പാചക വാതകത്തിന്റെയും വില വർദ്ധനവിലൂടെ ജനങ്ങൾക്ക് ജീവിക്കാനാവാത്ത സ്ഥിതിയാണുള്ളത്. സംസ്ഥാന സർക്കാരും ഇത്തരം നടപടികളിൽ ഉള്ളാലെ സന്തോഷിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങൾക്ക് പെട്രോളിയം ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ യാതൊരു ആശ്വാസ നടപടിയും കൈകൊണ്ടിട്ടില്ല. ഓട്ടോറിക്ഷ, ബസ്, മത്സ്യബന്ധന തൊഴിലാളികൾക്ക് ഫ്യൂവൽ സബ്‌സിഡി നൽകണം. പാചക വാതക വില വർദ്ധനവ്് താങ്ങാനാവാതെ റസ്റ്റോറന്റുകൾ പൂട്ടുകയാണ്. ബ്രിട്ടനിൽ റസ്റ്റോറന്റുകളിലെത്തുന്നവരുടെ ബില്ലിന്റെ 50% സർക്കാർ നൽകുകയാണ്. കേന്ദ്ര സർക്കാരിന്റെ നടപടികൾ കോർപ്പറേറ്റുകൾക്ക് ഗുണം ചെയ്യുന്നതാണെന്നദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇരുപതിനായിരം കോടി രൂപയുടെ പാക്കേജ് വെറും പൊങ്ങച്ചമാണ്. പതിനായിരം കോടി രൂപ മഹാമാരികാലത്ത് കുടുംബങ്ങൾക്ക് പണമായി നൽകിയിരുന്നെങ്കിൽ സർക്കാരിന് നികുതിയിനത്തിൽ വലിയ തുക തിരികെ ലഭിക്കുമായിരുന്നു. മാർക്കറ്റ് ഉണരാനും ഇത് വഴിയൊരുക്കുമായിരുന്നു.
സ്വർണ്ണം, മരം, കുഴൽപ്പണ കേസുകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ബിജെപി ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസ് ഒത്തു തീർക്കാൻ നീക്കം നടക്കുന്നുണ്ട്. ക്രിമിനൽ സംഘങ്ങളുടെ അഴിഞ്ഞാട്ടം തടയണം. സി.പി.എം നേതാക്കൾ ക്രിമിനൽ സംഘങ്ങളെ ഭയപ്പെടുകയാണ്. കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്സ്‌ക്ലബ്ബ് പ്രസിഡണ്ട് എം.ഫിറോസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.രാഘവൻ.എം.പി സംബന്ധിച്ചു. പ്രസ്സ്‌ക്ലബ്ബ് ട്രഷറർ ഇ.പി.മുഹമ്മദ് സ്വാഗതം പറഞ്ഞു.