കണ്ടുമുട്ടും ഇനിയും നിന്നെ, ഞാൻ.
അതെങ്ങനെയെന്നോ,
എപ്പോഴെന്നോ അറിയില്ലെനിക്ക്.
ഒരുവേള
നിൻറെ ഭാവനാ സൃഷ്ടിയായിത്തീരും ഞാൻ.
ഒരുവേള
നിന്റെ കാൻവാസിലെ നിഗൂഢമായൊരു നിരയിൽ
സ്വയം വ്യാപിച്ചു കിടക്കും ഞാൻ.
നോക്കിക്കൊണ്ടേയിരിക്കും, നിന്നെ, ഞാൻ.
ഒരുവേള
നിന്റെ വർണ്ണങ്ങളാൽ ആലിംഗനം ചെയ്യപ്പെടേണ്ട
സൂര്യ പ്രകാശത്തിന്റെ
കിരണമായി മാറും ഞാൻ.
നിന്റെ കാൻവാസിൽ
ഞാനെൻറെ വർണ്ണചിത്രം വരയ്ക്കും.
എങ്ങനെയെന്നോ,
എവിടെയെന്നോ അറിയില്ലെനിയ്ക്ക്-
പക്ഷെ,
തീർച്ചയായും കണ്ടുമുട്ടും നിന്നെ, ഞാൻ.
ഒരുവേള
മാറും ഞാൻ വസന്തമായ്.
പിന്നെ,
ഇറ്റിറ്റു വീഴും വെള്ളത്തിൻ പത
നിന്റെ ദേഹത്ത് തടവും.
നിന്റെ പൊള്ളുന്ന നെഞ്ചിൽ
വിശ്രമിക്കും എന്റെ തണുപ്പ്.
അറിയില്ലെനിക്കൊന്നും.
എന്നാൽ
എന്റെ കൂടെത്തന്നെ ചലിക്കു-
മീ ജീവിതം.
ഈ ജീവിതം നശിക്കുമ്പോൾ
എല്ലാം നശിക്കുന്നു.
പക്ഷെ,
ഓർമ്മയുടെ ഇഴകൾ
നശിക്കാത്ത കണികകളെക്കൊണ്ട് നൂറ്റതാണ്.
ഞാനീ നുറുങ്ങുകളെ പെറുക്കിയെടുത്ത്
നെയ്‌തെടുക്കും ഇഴകൾ.
കണ്ടുമുട്ടും ഇനിയും നിന്നെ, ഞാൻ.
(മൊഴിമാറ്റം – മുരളി. ആർ).