കോഴിക്കോട്: എരഞ്ഞിപ്പാലം മലബാർ കണ്ണാശുപത്രിയുടെ സൗജന്യ വിഭാഗത്തിന്റെ ഭാഗമായി ആരംഭിക്കുന്ന സൗജന്യ നേത്ര ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം 3ന് രാവിലെ 11 മണിക്ക് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിക്കും. ചടങ്ങിൽ കോർപ്പറേഷൻ ഡെ.മേയർ സി.പി.മുസാഫിർ അഹമ്മദ് അദ്ധ്യക്ഷം വഹിക്കും. മലബാർ കണ്ണാശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന സൗജന്യ വിഭാഗത്തിലൂടെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ആളുകൾക്കും, ഉന്നത നിലവാരമുള്ള ചികിത്സയും കണ്ണട പോലുള്ള കാഴ്ചാ സഹായ ഉപകരണങ്ങളും ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ഡോ. ഫയാസ് റഷീദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് കാലത്ത് ആരോഗ്യ മേഖലയിൽ സർക്കാറിനൊപ്പം നിന്ന് ജനങ്ങൾക്ക് സേവനം നൽകുക എന്ന ലക്ഷ്യത്തോടെ സൗജന്യ വിഭാഗത്തിൽ കൂടുതൽ പേരെ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ 8മണിക്കും 9 മണിക്കും ഇടയ്ക്ക് ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ ചികിത്സ നൽകും. നേത്ര രോഗങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാനും, ക്രോഡീകരിക്കാനും ‘കാഴ്ച’ എന്ന പേരിൽ ഗവേഷണ കേന്ദ്രം ആരംഭിക്കും. നേത്ര ചികിത്സാ രംഗത്ത് ലോകത്ത് നടക്കുന്ന നൂതന സങ്കേതങ്ങളും കണ്ടെത്തലുകളും ലഭ്യമാക്കാൻ സംവിധാനമൊരുക്കും. നേത്ര ചികിത്സയുടെ നൂതന കോഴ്‌സുകളിലൂടെ മികച്ച നേത്ര ചികിത്സാ വിദഗ്ധരെ വാർത്തെടുക്കാനും നേത്ര മിത്രക്ക് പദ്ധതിയുണ്ട്. നേത്ര മിത്ര ട്രസ്റ്റ് സെക്രട്ടറി അബ്ദുള്ള മാളിയേക്കൽ, മലബാർ ഐ ഹോസ്പിറ്റൽ ബ്രാഞ്ച് ഹെഡ് ലഫ്.കേണൽ സുശീല, ഓപ്പറേഷൻസ് ഹെഡ് ശ്യാംലാൽ, ട്രസ്റ്റി ഹാഷിം കടാകലകം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.