കോഴിക്കോട്: കോവിഡിന്റെ ഭാഗമായുള്ള ലോക്ഡൗണിന്റെ തിക്ത ഫലം അനുഭവിക്കുന്നത് വ്യാപാര സമൂഹമാണെന്നും, മറ്റെല്ലാ മേഖലകൾക്കും സർക്കാർ ഇളവുകൾ നൽകുമ്പോൾ വ്യാപാര സമൂഹത്തെ അവഗണിക്കുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന.സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവന മാർഗ്ഗത്തെ കാണാതെ അശാസ്ത്രീയമായ ടിപിആർ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കടകൾ തുറക്കുന്നത് നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭ മാർഗ്ഗം ആരംഭിക്കും. പൊതുഗതാഗത സംവിധാനങ്ങൾ നിയന്ത്രണം പാലിക്കാതെയും, ബീവറേജസുകളും, കള്ളുഷാപ്പുകളും ആവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി തുറക്കാനനുവദിച്ചിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യാപാരികളോടുള്ള അവഗണനക്കെതിരെ ആരംഭിക്കുന്ന പ്രക്ഷോഭത്തെ കുറിച്ച് കോഴിക്കോട് വെച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.